IndiaNEWS

തൃണമൂല്‍ എംഎല്‍എയുടെ ഒപ്പമുള്ള ലളിത് ഝായുടെ സെല്‍ഫി പുറത്തുവിട്ട് ബിജെപി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പുകയാക്രമണത്തെച്ചൊല്ലി ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോര് കടുത്തു. സംഭവത്തില്‍ മുഖ്യ സൂത്രധാരനെന്നു കരുതുന്ന ലളിത് ഝാ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടാണു ബിജെപി പ്രതിരോധം തീര്‍ത്തത്. പുകയാക്രമണം എന്തിനെന്നതിനെപ്പറ്റി പുകമറ തുടരുമ്പോഴാണു പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങളെന്നതു ശ്രദ്ധേയം.

പ്രതി ലളിത് ഝാ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ തപസ് റോയ്ക്കൊപ്പം എടുത്ത സെല്‍ഫി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ഡോ. സുകാന്തോ മജുംദാര്‍ ആണു എക്‌സില്‍ പങ്കുവച്ചത്. ”നമ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ ആക്രമിച്ചതിലെ സൂത്രധാരനായ ലളിത് ഝായ്ക്ക്, തൃണമൂലിന്റെ തപസ് റോയ്യുമായി ദീര്‍ഘകാലത്തെ അടുപ്പമുണ്ട്. ഇതില്‍പ്പരം തെളിവെന്താണു വേണ്ടത്?” ചിത്രങ്ങള്‍ പങ്കുവച്ചുള്ള പോസ്റ്റില്‍ മജുംദാര്‍ കുറിച്ചു.

Signature-ad

മജുംദാറിന്റെ പോസ്റ്റിലെ കാര്യങ്ങള്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും എക്‌സില്‍ പങ്കുവച്ചു. പുകയാക്രമണത്തില്‍ കോണ്‍ഗ്രസിനും സിപിഐയ്ക്കും (മാവോയിസ്റ്റ്) ഇപ്പോള്‍ തൃണമൂലിനും പങ്കുണ്ടെന്നു കണ്ടെത്തിയതായി അദ്ദേഹം ആരോപിച്ചു. ആഭ്യന്തര പരാജയങ്ങളാണു പാര്‍ലമെന്റില്‍ ഗുരുതര സുരക്ഷാവീഴ്ചയ്ക്കു കാരണമെന്നു തൃണമൂല്‍ തിരിച്ചടിച്ചു. പ്രതികളായ രണ്ടുപേര്‍ക്കു ലോക്‌സഭയിലേക്കുള്ള പാസ് ശുപാര്‍ശ ചെയ്തതു മൈസൂരുവില്‍നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫീസാണ്.

ഗാലറിയില്‍നിന്നു ലോക്‌സഭയിലേക്കു ചാടിയ മനോരഞ്ജന്‍, സാഗര്‍ ശര്‍മ, പുറത്തു പ്രതിഷേധിച്ച നീലം ദേവി, അമോല്‍ ഷിന്‍ഡെ എന്നിവരെ എന്‍ഐഎ പ്രത്യേക കോടതി ഒരാഴ്ചത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഗൂഢാലോചന നടത്തിയ വിശാല്‍ ശര്‍മയെയും അറസ്റ്റ് ചെയ്തിരുന്നു. ലളിത് ഝാ വ്യാഴാഴ്ച രാത്രിയോടെയാണു കീഴടങ്ങിയത്. പുകയാക്രമണം നടത്തിയതിനു പിന്നില്‍ മാസങ്ങള്‍ നീണ്ട കൃത്യമായ ആസൂത്രണമുണ്ടെന്നു ഡല്‍ഹി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

സുരക്ഷാവീഴ്ചയുടെ പേരില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം കടുത്തപ്പോള്‍ 14 പ്രതിപക്ഷ എംപിമാരെ സഭയില്‍നിന്നു പുറത്താക്കിയിരുന്നു. കേരളത്തില്‍നിന്നുള്ള 6 എംപിമാരടക്കം ലോക്‌സഭയില്‍നിന്ന് 13 പേരെയും രാജ്യസഭയില്‍നിന്ന് ഒരാളെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളനം തീരുന്ന 22 വരെയാണ് നടപടി. കൂടുതല്‍ എംപിമാര്‍ക്കെതിരെ നടപടി വന്നേക്കുമെന്നും സൂചനയുണ്ട്.

Back to top button
error: