ന്യൂഡല്‍ഹി: ലോക്സഭയില്‍ സുരക്ഷാ വീഴ്ചയുണ്ടാക്കിയ നാലുപേരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലോക്സഭക്കുള്ളില്‍ പ്രതിഷേധിച്ചത് സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ എന്നിവരാണ്. ഇതില്‍ മനോരഞ്ജന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. ഇവര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് എംപിമാര്‍ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്തുചാടുകയായിരുന്നു. ഇവരെ എം.പിമാര്‍ കീഴടക്കുകയായിരുന്നു. സഭക്ക് അകത്തും പുറത്തും ഒരേ സമയം പ്രതിഷേധം നടന്നിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും കളര്‍സ്മോക്ക് സ്പ്രേ കത്തിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീ അടക്കം രണ്ടുപേരാണ് പാര്‍ലമെന്റിന് പുറത്ത് പിടിയിലായത്.
സംഭവത്തില്‍ ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര പൊലീസും അന്വേഷണം നടത്തുന്നുണ്ട്. പ്രതികളുടെ സ്വദേശം കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. കുടകില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പേരിലാണ് ഇവരുടെ പാസില്‍ ഒപ്പിട്ടിരിക്കുന്നത്.
രാജ്യത്തെ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടിയെന്നും അക്രമികള്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. സുരക്ഷാവീഴ്ചയില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. അതിനിടെ, സന്ദര്‍ശക പാസ്സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്കി.