കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരി വാകേരി കൂടല്ലൂരിലെ ക്ഷീരകര്ഷകന് പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ വെടിവച്ചു കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ നല്കിയ പൊതുതാല്പര്യ ഹര്‍ജി 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി തള്ളി. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഡിസംബര്‍ 10ലെ ഉത്തരവെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്.
അനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്സ് കമ്യൂണിറ്റി നല്കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് ആശിഷ് കെ.ദേശായി, ജസ്റ്റിസ് വി.ജി.അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. നരഭോജിക്കടുവയെ കൂട് സ്ഥാപിച്ചോ മയക്കുവെടി വച്ചോ പിടികൂടാനായില്ലെങ്കില്‍ തിരിച്ചറിഞ്ഞ ശേഷം വെടിവച്ചു കൊല്ലാനായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്.
അതേസമയം, വയനാട് വാകേരിയില്‍ വീണ്ടും കടുവ എത്തിയതായി സംശയം. പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെയുള്ള കോഴി ഫാമില്‍ കടുവയെത്തിയതായാണ് സംശയം. സമീപത്ത് കാല്പാടുകള് ഉണ്ടെന്നും, ഇന്നലെ രാത്രി നായ്ക്കള്‍ കുരച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.
ഫാമിലെ ജീവനക്കാരന് രാവിലെ കോഴികള്‍ക്ക് തീറ്റ കൊടുക്കാന്‍ വന്നപ്പോഴാണ് ഷെഡിലെ ഇഷ്ടികകള്‍ പൊളിഞ്ഞുകിടക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. പട്ടിയോ മറ്റേതെങ്കിലും ജീവികളോ കയറിയാല്‍ ഇങ്ങനെ ഇഷ്ടികകള്‍ പൊളിയില്ല എന്ന് ഫാം ഉടമ പറയുന്നു. കടുവ കയറിയെന്നാണ് പ്രദേശവാസികളും ആവര്‍ത്തിക്കുന്നത്.
പ്രദേശത്ത് കടുവയുടേതിന് സമാനമായ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് കടുവയുടെ സാന്നിധ്യം വനംവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.