കോട്ടയം: നവ കേരള സദസിന്റെ പ്രധാന ലക്ഷ്യം പരാതി സ്വീകരിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ മണ്ഡലത്തിലെ നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ അവഗണന, സംസ്ഥാന സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇനി ചെയ്യാനുള്ള കാര്യങ്ങൾ എന്നിവ ജനങ്ങളെ അറിയിക്കാനാണ് നവകേരള സദസെന്ന് പറഞ്ഞ മുഖ്യമന്ത്രി, നവകേരള സദസ് പരാതി നൽകാനുള്ള വേദിയാണെന്ന് പറഞ്ഞ സ്വാഗത പ്രാസംഗകൻ തോമസ് ചാഴിക്കാടൻ എംപിയെ വിമർശിച്ചു. ഇതിൽ വരുന്നവർക്ക് പരാതിയുണ്ടെങ്കിൽ നൽകാമെന്നും പരാതികൾ നൽകാൻ വേറെയും വഴികളുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി വേദി ഏതെന്ന് തോമസ് ചാഴിക്കാടൻ എംപി ശരിക്ക് മനസിലാക്കിയിട്ടില്ലെന്ന് പറഞ്ഞു. അത് നിർഭാഗ്യകരമെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്വയംഭരണത്തിൽ ഇടപെടുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നത് തടയുകയാണ് കേന്ദ്ര സർക്കാരിന്റെ ഉദ്ദേശം. കേന്ദ്ര സർക്കാരിന്റെ നീക്കം സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയാണ്. വായ്‌പ എടുക്കുന്നത് ഖജനാവിൽ സൂക്ഷിക്കാനല്ല. അത് വിവിധ പദ്ധതികൾക്ക് ചെലവഴിക്കാനാണ്. ഇത് സംസ്ഥാനത്ത് വലിയ സാമ്പത്തിക ചലനം ഉണ്ടാക്കും. സാമ്പത്തിക ചലനം തടയുകയാണ് കേന്ദ്ര സർക്കാരിന്റെ ഉദ്ദേശം. ന്യൂനപക്ഷമെന്നാൽ ആർഎസ്എസിന് രാജ്യത്ത് പറ്റാത്തവരാണ്. നല്ല വർത്തമാനം പറഞ്ഞു വന്ന ആർഎസ്എസിന്റെ തനി സ്വഭാവം മണിപ്പൂർ വന്നപ്പോൾ എല്ലാവർക്കും മനസിലായെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു.