
23 താരങ്ങളാണ് രണ്ട് കോടി അടിസ്ഥാന വിലയില്‍ ലേലത്തിനെത്തുക. ഇതില്‍ ലോകകപ്പ് ജേതാക്കളായ ആസ്ട്രേലിയൻ ടീമിലെ ഏഴുപേരുള്ളപ്പോള് ഇന്ത്യൻ ടീമില്‍നിന്ന് മൂന്നുപേരാണ് ഇടംപിടിച്ചത്. ട്രാവിസ് ഹെഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസല്‍വുഡ്, സ്റ്റീവൻ സ്മിത്ത്, സീൻ അബ്ബോട്ട്, ജോഷ് ഇംഗ്ലിസ് എന്നിവരാണ് പട്ടികയിലെ ആസ്ട്രേലിയക്കാര്‍. ആസ്ട്രേലിയയെ ലോകകപ്പ് ചാമ്ബ്യന്മാരാക്കുന്നതില് നിര്‍ണായക പങ്കുവഹിച്ച ട്രാവിസ് ഹെഡ് കഴിഞ്ഞ സീസണില്‍ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും വിറ്റുപോയിരുന്നില്ല.
ഷാര്‍ദുല്‍ താക്കൂര്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ് എന്നിവരാണ് കൂടുതല്‍ വിലയിട്ട ഇന്ത്യക്കാര്‍. ലോകകപ്പില്‍ ദയനീയ പ്രകടനം നടത്തിയ ഇംഗ്ലണ്ടില്‍നിന്ന് ഹാരി ബ്രൂക്, ക്രിസ് വോക്സ്, ജാമി ഓവര്ട്ടണ്, ബെൻ ഡക്കറ്റ്, ആദില്‍ റാഷിദ്, ഡേവിഡ് വില്ലി, ജെയിംസ് വിൻസ് എന്നിവര്‍ രണ്ട് കോടി ക്ലബിലുണ്ട്. ദക്ഷിണാഫ്രിക്കക്കാരായ ജെറാള്‍ഡ് കോയറ്റ്സീ, റിലീ റൂസോ, റസി വാൻ ഡര് ഡസൻ എന്നിവരും അഫ്ഗാൻ താരം മുജീബുര്‍ റഹ്മാൻ, ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാൻ, ന്യൂസിലാൻഡിന്റെ ലോക്കി ഫെര്ഗൂസൻ എന്നിവരാണ് രണ്ട് കോടി അടിസ്ഥാന വിലയുള്ള മറ്റു താരങ്ങള്‍.
ഇംഗ്ലണ്ടുകാരായ ഫിലിപ്പ് സാള്‍ട്ട്, ടോം കറൻ, ക്രിസ് ജോര്‍ദൻ, ടൈമല്‍ മില്‍സ്, ന്യൂസിലാൻഡുകാരായ കോളിൻ മൻറൊ, ജെയിംസ് നീഷം, ടിം സൗത്തി, ആസ്ട്രേലിയക്കാരായ ഡാനിയല്‍ സാംസ്, ജെ. റിച്ചാര്ഡ്സണ്, വെസ്റ്റിൻഡീസുകാരായ ഷെര്‍ഫെയ്ൻ റൂഥര്‍ഫോര്‍ഡ്, ജേസൻ ഹോള്‍ഡര്‍, ശ്രീലങ്കൻ താരം വനിന്ദു ഹസരങ്ക, അഫ്ഗാന്റെ മുഹമ്മദ് നബി എന്നിവര്‍ക്ക് 1.5 കോടിയാണ് അടിസ്ഥാന വില. അതേസമയം, ലോകകപ്പില്‍ മിന്നിത്തിളങ്ങിയ ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്രക്ക് 50 ലക്ഷമാണ് അടിസ്ഥാന വില.
10 ഫ്രാഞ്ചൈസികള്‍ക്കും ചേര്‍ന്ന് 265.95 കോടിയാണ് ലേലത്തില്‍ ചെലവഴിക്കാനാവുക. ഗുജറാത്ത് ടൈറ്റൻസിന് 38.15 കോടി കൂടി ചെലവാക്കാമെങ്കില്‍ സണ്‍റൈസേഴ്സിന് 34 കോടിയും കൊല്‍ക്കത്തക്ക് 32.7 കോടിയും ചെന്നൈക്ക് 31.4 കോടിയും ചെലവിടാൻ ബാക്കിയുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനാണ് ഏറ്റവും കൂടുതല്‍ സ്ലോട്ടുകള്‍ ഒഴിവുള്ളത്. 12 പേര്‍ക്കാണ് ടീമില്‍ പുതുയായി അവസരം ലഭിക്കുക. ചെന്നൈ സൂപ്പര്‍ കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ലഖ്നോ സൂപ്പര്‍ ജയന്റ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവര്‍ക്ക് ആറുപേരെ വീതം ടീമിലെത്തിക്കാം.
ഡിസംബര്‍ 19ന് ദുബൈയിലാണ് താരലേലം നടക്കുക.





