HealthLIFE

പ്രമേഹം ഒരു ജീവിതശൈലീ രോഗമാണ്, പ്രമേഹം വൃക്കയെ ബാധിക്കാതിരിക്കാൻ ചെയ്യേണ്ടത്…

പ്രമേഹം, നമുക്കറിയാം ഒരു ജീവിതശൈലീ രോഗമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹം അഥവാ ഷുഗര്‍ അല്‍പം കൂടി ഗൗരവമുള്ളൊരു പ്രശ്നമായി ആളുകള്‍ കാണുന്നത് ആശാവഹമാണ്. കാരണം മറ്റൊന്നുമല്ല, പ്രമേഹം പല അനുബന്ധ ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം ഉണ്ടാക്കാം എന്നതിനാലാണിത്. ഇതെക്കുറിച്ച് ഇന്ന് പലരും ബോധ്യമുള്ളവരുമാണ്. അതാണ് ജാഗ്രത കൂടിവരുന്നതിന് പിന്നിലെ കാരണം.

ഇന്ത്യയാണെങ്കില്‍ ലോകത്തിന്‍റെ തന്നെ ‘പ്രമേഹ ക്ലബ്ബ്’ എന്നാണറിയപ്പെടുന്നത്. അത്രമാത്രം പ്രമേഹരോഗികളാണ് ഇന്ത്യയില്‍ ഓരോ കൊല്ലവും ഉണ്ടാകുന്നത്. ഇനിയും നിയന്ത്രിച്ചില്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് പ്രമേഹരോഗികളുടെ എണ്ണം ഭീകരമാംവിധത്തിലേക്ക് ഉയരുമന്നും റിപ്പോര്‍ട്ടുകള്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പ്രമേഹം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, വൃക്കരോഗം എന്നിങ്ങനെ ജീവന് ഭീഷണിയാകുന്ന തരത്തിലേക്ക് മാറുമെന്നതാണ് വെല്ലുവിളി. ഇങ്ങനെ മരണത്തിലേക്ക് എത്തുന്ന പ്രമേഹരോഗികള്‍ ഏറെയാണ്.

എന്തായാലും പ്രമേഹം വൃക്കയെ ബാധിക്കാതിരിക്കാൻ ചെയ്യാവുന്ന മുന്നൊരുക്കങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രമേഹം അധികരിക്കുമ്പോള്‍ രക്തത്തില്‍ അധികമാകുന്ന ഷുഗര്‍ വൃക്കയിലെ ചെറിയ രക്തക്കുഴലുകളെ പ്രശ്നത്തിലാക്കുന്നത് വഴിയാണ് പ്രമേഹം വൃക്കയെ ബാധിക്കുന്ന നിലയുണ്ടാകുന്നത്.

ഇതില്‍ ലക്ഷണങ്ങള്‍ പ്രകടമാകില്ല എന്നതാണ് വലിയ വെല്ലുവിളി. ലക്ഷണങ്ങള്‍ പ്രകടമാകുന്ന അവസ്ഥയിലേക്ക് എത്തുമ്പോഴേക്ക് രോഗി അവശനിലയിലാകാനും സാധ്യതകളേറെയാണ്. അതിനാല്‍ തന്നെ മുന്നെക്കൂട്ടിയുള്ള തയ്യാറെടുപ്പ് മാത്രമാണ് പ്രമേഹം വൃക്കകളെ ബാധിക്കാതിരിക്കാൻ ചെയ്യാവുന്നത്. ഇത്തരത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍…

ഒന്ന്…

പ്രമേഹരോഗികള്‍ അവരുടെ ഡയറ്റ് നന്നായി ശ്രദ്ധിക്കുക. ഷുഗര്‍ നിയന്ത്രിക്കുന്നതിനൊപ്പം തന്നെ ബാലൻസ്ഡ് ആയി എല്ലാ പോഷകങ്ങളും കിട്ടുന്ന തരത്തില്‍ ഭക്ഷണരീതിയെ മെച്ചപ്പടുത്തല്‍ നിര്‍ബന്ധം. പൊതുവില്‍ തന്നെ ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിച്ച് ശീലിക്കുക. മധുരം മാത്രമല്ല, ഉയര്‍ന്ന അളവില്‍ സോഡിയം, പൊട്ടാസ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങളും നിയന്ത്രിക്കണം. പ്രോട്ടീനും അധികം വേണ്ട. ഡയറ്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ കൃത്യമായി ഡോക്ടറോട് ചോദിച്ച ശേഷം ഡയറ്റ് ഫിക്സ് ചെയ്യുന്നതാണ് ഏറെ ഉചിതം.

രണ്ട്…

പതിവായ വ്യായാമവും പ്രമേഹം അടക്കമുള്ള പ്രശ്നങ്ങളെ വരുതിയിലാക്കുന്നതിന് സഹായിക്കും. ഇവിടെയും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. പ്രായം, ആരോഗ്യസ്ഥിതി എന്നിവയെല്ലാം മാനിച്ചാണ് എന്തുതരം വ്യായാമം ചെയ്യണമെന്നത് നിശ്ചയിക്കേണ്ടത്. അതിനാല്‍ ഇക്കാര്യവും ഡോക്ടറുടെ നിര്‍ദേശപ്രകാരം മതി.

മൂന്ന്…

പ്രമേഹത്തിനൊപ്പം തന്നെ ബിപിയും നിര്‍ബന്ധമായും ചെക്ക് ചെയ്യുകയും അധികമാകുന്നുണ്ടെങ്കില്‍ നിയന്ത്രിക്കുകയും ചെയ്യണം. കാരണം ബിപി കൂടുതലുണ്ടെങ്കില്‍ അതും വൃക്കയെ ബാധിക്കുന്നതിലേക്ക് കൂടുതല്‍ സാധ്യതകളൊരുക്കും.

നാല്…

ബിപിയെ പോലെ തന്നെ കൊളസ്ട്രോളും ശ്രദ്ധിക്കണം. ഇതും പ്രമേഹരോഗികള്‍ക്ക് തിരിച്ചടിയുണ്ടാക്കും. വൃക്ക മാത്രമല്ല ഹൃദയവും ഒരുപോലെ അപകടത്തിലാകും.

അഞ്ച്…

പ്രമേഹരോഗികളില്‍ പൊതുവില്‍ കണ്ടുവരാറുള്ള മറ്റൊരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. പ്രായത്തിനും ഉയരത്തിനും അനുസരിക്കാത്ത വിധത്തിലുള്ള വണ്ണം. ഇതും അടുത്ത പ്രതിസന്ധിയാണ്. വൃക്ക അടക്കം പല അവയവങ്ങളുടെയും മേല്‍ വെല്ലുവിളിയുണ്ടാക്കുന്നത് അമിതവണ്ണം കൂടിയാണ്. അതിനാല്‍ കഴിയുംവിധത്തില്‍ ശരീരഭാരം നിയന്ത്രിക്കാനും പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കുക.

ആറ്…

പ്രമേഹമടക്കമുള്ള ജീവിതശൈലീരോഗങ്ങളുള്ളവര്‍ പുകവലി- മദ്യപാനം- മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ കര്‍ശനമായും ഉപേക്ഷിക്കണം. അല്ലാത്ത പക്ഷം വൃക്ക, ഹൃദയം, കരള്‍, തലച്ചോര്‍ എന്നിങ്ങനെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളെല്ലാം ബാധിക്കപ്പെടാൻ സാധ്യതകളേറെയാണ്.

Back to top button
error: