ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ പ്രതിയായ മലയാളി യുവാവ് ദുബൈയില്‍ അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂര്‍ നരീക്കാംവള്ളി സ്വദേശി മിഥുൻ വി.വി.ചന്ദ്രൻ (31) ആണ് പിടിയിലായത്. ദുബൈ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കര്‍ണാടക പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി ബംഗളൂരുവിലെത്തിച്ചു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന 33കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി.
2016ല്‍ ബംഗളൂരു മഹാദേവപുരയിലെ സ്വകാര്യ കമ്പനിയില്‍ ഇരുവരും ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ സമയം ഇരുവരും സൗഹൃദത്തിലായി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിയിച്ചതിനാല്‍ യുവതി പലപ്പോഴും സാമ്പത്തിക സഹായങ്ങൾ നല്‍കി.
തന്നെ മിഥുന്റെ വീട്ടില്‍ കൊണ്ടുപോയി മാതാവിന് പരിചയപ്പെടുത്തി നല്‍കുകയും നിര്‍ബന്ധപൂര്‍വം ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി. വിവാഹത്തിന് വീട്ടുകാരും സമ്മതിച്ചിരുന്നു. എന്നാല്‍, പിന്നീട് വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അവർ അസഭ്യം പറഞ്ഞതായും യുവതി പരാതിയില്‍ പറയുന്നു.
2020 ഫെബ്രുവരിയില്‍ മിഥുനും മാതാവ് ഗീതക്കും എതിരെ യുവതി മഹാദേവപുര പൊലീസില്‍ പരാതി നല്‍കി. ഇന്ത്യൻ ശിക്ഷ നിയമം 376 (ബലാത്സംഗം), 417 (വഞ്ചനകുറ്റം), 323 (മനഃപൂര്‍വം ഉപദ്രവിക്കല്‍), 506 (ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുത്തതോടെ മിഥുൻ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. രാജ്യം വിട്ടതിനെത്തുടർന്ന് ഇയാളെ പിടികൂടാനായി കർണാടക പോലീസിന്റെ ആവശ്യപ്രകാരം ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചു. അന്വേഷണത്തിൽ ഇയാൾ യു.എ.ഇയിലുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.
അബുദാബിയിലെ ഇന്റർപോൾ, ഇന്ത്യൻ എംബസി, വിദേശകാര്യ മന്ത്രാലയം, കർണാടക പോലീസ് എന്നിവയെ സി.ബി.ഐ.യുടെ ഗ്ലോബൽ ഓപ്പറേഷൻ സെന്റർ ഏകോപിപ്പിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ദുബൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു മിഥുൻ.
ദുബൈ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഈ വിവരം സി.ബി.ഐ സംഘം ഇന്റലിജൻസ് ഡെപ്യൂട്ടി കമീഷണര്‍ സാഹില്‍ ബെഗ്ളയെ അറിയിച്ചു. തുടര്‍ന്ന് ബംഗളൂരുവില്‍നിന്നുള്ള പൊലീസ് സംഘം ദുബൈയിലെത്തി പ്രതിയെ ഏറ്റുവാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇതേരീതിയിൽ വിവിധ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ട 26 പ്രതികളെക്കൂടി തിരിച്ചെത്തിച്ചതായും പൊലീസ് അറിയിച്ചു.