KeralaNEWS

ദിലീപിന് തിരിച്ചടി; കോടതിയോടുളള വിശ്വാസം കൂടുകയാണെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.

”കോടതിയോടുളള വിശ്വാസം കൂടുകയാണ്. എന്തോ നടന്നിട്ടുണ്ട് എന്ന് കോടതിക്ക് ഉത്തമ ബോധ്യം ഉളളത് കൊണ്ടാണ് ഇതില്‍ അന്വേഷണം വേണമെന്ന് ഉത്തവിട്ടിരിക്കുന്നത്. ഇത് ആര്‍ക്ക് വേണ്ടിയാണ്? ആരാണ് രാത്രികാലങ്ങളിലൊക്കെ ഈ മെമ്മറി കാര്‍ഡ് ഉപയോഗിച്ചിരിക്കുന്നത് ?” – ഭാഗ്യലക്ഷ്മി ചോദിച്ചു.

കോടതിയുടെ കസ്റ്റഡിയിലിരിക്കുന്ന മെമ്മറി കാര്‍ഡ് പുറത്തെടുത്ത് മൂന്നിടങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നിലുളള ശക്തി ആരാണ്. ഇതൊക്കെ ചോദ്യങ്ങളാണ്. ഇതിനൊക്കെ മറുപടി വേണം എന്നാണ് കോടതി പറഞ്ഞത്. ഇതൊക്കെ ഞങ്ങളുടെ ആവശ്യമായിരുന്നു ഇത്രയും നാള്‍. ഇപ്പോള്‍ കോടതിയുടെ ആവശ്യമായി വന്നിരിക്കുകയാണ്.

Signature-ad

അതിജീവിതയുടെ മാത്രം ചോദ്യമല്ല ഇത്. അവര്‍ക്ക് വേണ്ടി നില്‍ക്കുന്ന ഞങ്ങള്‍ ഓരോ സ്ത്രീകളുടേയും ചോദ്യമാണ്. പൈസയും സ്വാധീനവും കൊണ്ട് ആരാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. അതിന് മറുപടി കിട്ടിയേ പറ്റൂ. അതില്‍ സന്തോഷമുണ്ട്- ഭാഗ്യലക്ഷ്മി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിലെ നിര്‍ണായ തെളിവായ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി അംഗീകരിച്ച്‌ കൊണ്ട് ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിച്ചത്. ജില്ലാ സെഷന്‍സ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറന്‍സിക് റിപ്പോര്‍ട്ട് തെളിവായുണ്ടെന്നായിരുന്നു പ്രധാന വാദം. ഇത് അംഗീകരിച്ച്‌ കൊണ്ടാണ് ജില്ലാ സെഷന്‍സ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ജില്ലാ ജഡ്ജി വസ്തുതകള്‍ ആണ് പരിശോധിക്കേണ്ടത്. ഏതെങ്കിലും ഘട്ടത്തില്‍ അന്വേഷണത്തിന് പൊലീസ് പോലുള്ള മറ്റു ഏജന്‍സികളുടെ സഹായം ആവശ്യമാണെങ്കില്‍ ജില്ലാ ജഡ്ജിക്ക് തേടാവുന്നതാണ്. പരാതിയുണ്ടെങ്കില്‍ അതിജീവിതയ്ക്ക് ഹൈക്കോടതിയെ വീണ്ടും സമീപിക്കാവുന്നതാണെന്നും വിധി പ്രസ്താവനയിൽ പറയുന്നു.

Back to top button
error: