ഇടുക്കി: മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനം മാസപ്പടി വിഷയത്തിലെ വലിയ വഴിത്തിരിവെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. പി വി മുഖ്യമന്ത്രി തന്നെയെന്ന് കോടതിക്ക് ബോധ്യമായെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നോട്ടീസയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണ്. മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ലെന്നും കുഴൽനാടൻ പറഞ്ഞു. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുഴൽനാടൻ്റെ പ്രതികരണം.
പി വി ഞാനല്ല എന്ന മുഖ്യമന്ത്രിയുടെ പഴയ പ്രസ്താവനയിൽ ഇപ്പോൾ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് പിണറായി വിജയൻ പറയണം. ഉറച്ചുനിൽക്കുന്നില്ലെങ്കിൽ പിണറായി വിജയൻ പൊതു സമൂഹത്തോടു മാപ്പ് പറയണം. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരും. യുഡിഎഫ് നേതാക്കൾ ഒളിച്ചോടില്ല. കോടതിയിൽ മറുപടി നൽകും. ഇൻട്രിം സെറ്റിൽമെൻറ് ബോർഡിലെ ചുരുക്ക വാക്കുകൾ തങ്ങളുടെ പേരല്ല എന്ന് യുഡിഎഫ് നേതാക്കളാരും പറഞ്ഞിട്ടില്ല. പി വി ഞാനല്ല എന്ന് പറഞ്ഞത് പിണറായി മാത്രമാണെന്നും കുഴൽനാടൻ പറഞ്ഞു.