IndiaNEWS

രാജസ്ഥാനിലെ സര്‍പ്രൈസ് അശ്വിനി വൈഷ്ണവോ? ബിജെപിയുടെ സാധ്യതാ പട്ടികയില്‍ ഒന്നാമന്‍ റെയില്‍വേ മന്ത്രി?

ജയ്പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ബിജെപി ഇത്തരത്തില്‍ ഒരു നീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധ്യതാ പട്ടികയില്‍ ഒന്നാമന്‍ രാജസ്ഥാന്‍ സ്വദേശിയായ അശ്വിനി വൈഷ്ണവ് തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ റെയില്‍വേ, കമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രിയായ അശ്വിനി വൈഷ്ണവ് മോദി മന്ത്രിസഭയിലെ പ്രമുഖ നേതാവാണ്. വന്ദേ ഭാരത്, വരാനിരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ എന്നിങ്ങനെ നിരവധി പദ്ധതികളിലൂടെ ഏറെ ജനശ്രദ്ധേയന്‍ കൂടിയാണ് വൈഷ്ണവ്.

Signature-ad

1994 ലെ ഐഎഎസ് ബാച്ച് അംഗമായ അശ്വിനി വൈഷ്ണവ് 2019 ജൂണ്‍ മുതല്‍ ഒഡീഷയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ഒഡീഷയിലെ കട്ടക്ക്, ബാലസോര്‍ ജില്ലകളിലെ കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുമുണ്ട്. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന്റെ പേരും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. ജാതി സമവാക്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ രജപുത്രരായ മുഖ്യമന്ത്രിമാര്‍ ഉള്ളതിനാല്‍ വീണ്ടും അശ്വിനിയിലേക്ക് തന്നെ പാര്‍ട്ടി എത്തിയേക്കും.

പട്ടികയില്‍ മറ്റൊരു സാധ്യതയായി കേള്‍ക്കുന്നത് ദളിത് വിഭാഗത്തില്‍ നിന്നുള്ള അര്‍ജുന്‍ റാം മേഘവാളിന്റെ പേരാണ്. നിലവില്‍ ഭരണമുള്ള ഒരു സംസ്ഥാനത്തും ബിജെപിക്ക് ഒരു ദളിത് മുഖ്യമന്ത്രിയില്ല എന്നതാണ് മേഘവാളിന്റെ പേര് പരിഗണിക്കാന്‍ കാരണം. ഓം മാത്തൂരാണ് ഇക്കൂട്ടത്തില്‍ ഉയര്‍ന്നുവരുന്ന മറ്റൊരു പേര്. നിലവിലെ രാജസ്ഥാന്‍ ബിജെപി അധ്യക്ഷനായ അദ്ദേഹം ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിന്റെ ചുമതലയും വഹിച്ചിരുന്നു. മിന്നും വിജയം കാഴ്ചവച്ചതോടെ അദ്ദേഹത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

രാജസ്ഥാനില്‍ 199 സീറ്റുകളിലായി നടന്ന തെരഞ്ഞെടുപ്പുകളില്‍ 115 സീറ്റുകളിലും വിജയിച്ച് ബിജെപി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു. ഇത്തവണ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു മുഖ്യമന്ത്രി മുഖം ഉയര്‍ത്തികാണിച്ചായിരുന്നില്ല ബിജെപിയുടെ പ്രചരണങ്ങള്‍. ആദ്യഘട്ടത്തില്‍ തന്നെ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെ തഴയുന്നതായും റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ഈ മാസം 12നാണ് രാജസ്ഥാനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

 

Back to top button
error: