NEWSWorld

ഇത് അഭിമാന നേട്ടം, ടെക് ഹബായി ഉയർന്നുവരുന്ന ലോകത്തിലെ 24 നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് തിരുവനന്തപുരം

    തിരുവനന്തപുരം: ഭാവിയിൽ ബിസിനസ്, സോഫ്‌റ്റ്‌വെയർ വളർച്ചയുണ്ടാകുന്ന ലോകമെമ്പാടുമുള്ള 24 ‘അസാധാരണ നഗരങ്ങളുടെ’ പട്ടികയിൽ തിരുവനന്തപുരവും. നെതർലാൻഡ്സ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ബിസിഐ ഗ്ലോബൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് കേരളീയ തലസ്ഥാനം അഭിമാന നേട്ടം കൈവരിച്ചത്. കൊൽകത്തയും തിരുവനന്തപുരവും മാത്രമാണ് പട്ടികയിൽ ഇടം നേടിയ ഇൻഡ്യൻ നഗരങ്ങൾ.

ബിസിഐ ഗ്ലോബലിന്റെ പങ്കാളിയായ ജോസ്ഫിയൻ ഗ്ലൗഡ്മാൻസാണ് പഠനത്തിന് നേതൃത്വം നൽകിയത്. യുഎസ്, കാനഡ, മധ്യ, ലാറ്റിൻ അമേരിക്ക ഉൾപെടുന്ന വിഭാഗം, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക എന്നിവ ഉൾപ്പെടുന്ന മറ്റൊരു വിഭാഗം, ഇൻഡ്യയും ചൈനയും അടങ്ങുന്ന ഏഷ്യ-പസഫിക് വിഭാഗം എന്നീ മൂന്ന് ഭൂമിശാസ്ത്ര മേഖലകളിൽ നിന്നാണ് 24 നഗരങ്ങൾ തിരഞ്ഞെടുത്തത്. 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളെയാണ് പരിഗണിച്ചത്.

അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ, ഡിജിറ്റൽ ഹബുകൾ, ദേശീയപാതകൾ എന്നിവ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ, സോഫ്റ്റ്‌വെയറും മറ്റ് പ്രവർത്തങ്ങളും നടത്തുന്ന സ്ഥാപനങ്ങൾ എന്നിവയും മാനദണ്ഡമാക്കിയിരുന്നു. കംപനികൾക്ക് രാജ്യാന്തര വിപുലീകരണം സാധ്യമാകുന്ന അറിയപ്പെടാത്ത കേന്ദ്രങ്ങൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. നല്ല കാലാവസ്ഥ, താരതമ്യേന നല്ല ജീവിത നിലവാരം, ആകർഷകമായ ചിലവ് എന്നിവയും തിരുവനന്തപുരത്തിന്റെ മേന്മയാണെന്ന് റിപോർട്ടിൽ പറയുന്നു.

രാജ്യത്ത് വളർന്നുവരുന്ന 26 സ്റ്റാർട്ടപ് ഹബുകളുടെ പട്ടികയിൽ തിരുവനന്തപുരവും കൊച്ചിയും അടുത്തിടെ ഇടംപിടിച്ചിരുന്നു. ഡിലോയിറ്റുമായി സഹകരിച്ച് നാസ്‌കോം പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിൽ, ഗുണനിലവാരമുള്ള മാനവവിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും കാരണം രണ്ട് നഗരങ്ങളും ഭാവിയിലെ ഐടി വികസനത്തിന് അനുയോജ്യമായ സ്ഥലങ്ങളാണെന്ന് പറയുന്നു. ഇതിനിടെ ലോകമെമ്പാടും ഉയർന്നുവരുന്ന ടെക് ഹബുകളിൽ ഒന്നായി പരിഗണിക്കപ്പെട്ടതും തിരുവനന്തപുരത്തിന് കുതിപ്പേകും.

Back to top button
error: