IndiaNEWS

മിഷോങ് ശക്തിപ്രാപിക്കുന്നു, തമിഴ്‌നാട്ടിൽ ശക്തമായ മഴ മുന്നറിയിപ്പ്

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച്‌ ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും അതീവജാഗ്രത.

മഴ കനത്തതോടെ ചെന്നൈ നഗരത്തിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെന്നെെ വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. 80 വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ചുഴലിക്കാറ്റിനെ തമിഴ്നാട് നേരിടുന്നതെന്ന് മന്ത്രി കെ.എൻ നെഹ്റു പറഞ്ഞു.

റണ്‍വേയിലുള്‍പ്പെടെ വെള്ളം കയറിയതോടെയാണ് ചെന്നൈ രാജ്യാന്തര വിമാനത്താവളം താല്‍ക്കാലികമായി അടച്ചത്.
അഡയാര്‍ നദി കരകവിഞ്ഞതോടെയാണ്‌ റണ്‍വേയില്‍ വെള്ളം കയറിയത്‌. ഇതോടെ ഇവിടെനിന്നുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി. 23 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വിമാനങ്ങള്‍ പറന്നുയരാന്‍ കഴിയാതെ വന്നതോടെ നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. 2015-ലെ പ്രളയത്തിനുശേഷം ഇതാദ്യമാണ്‌ വെള്ളപ്പൊക്കം കാരണം ചെന്നൈ വിമാനത്താവളം അടച്ചിടേണ്ടിവരുന്നത്‌. കാലാവസ്‌ഥ സാധാരണ നിലയിലായശേഷമേ സര്‍വീസുകള്‍ പുനരാരംഭിക്കൂവെന്ന്‌ വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളത്തിലെ സര്‍വീസുകളും തടസ്സപ്പെട്ടു. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നും തിരിച്ചുമുള്ള 40 സര്‍വീസുകള്‍ നിലവില്‍ റദ്ദാക്കിയിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമടക്കം ചൊവ്വാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. വൈദ്യുതിയും ഇന്റര്‍നെറ്റും തടസ്സപ്പെട്ടു. അതിനിടെ, ഉച്ചയ്ക്കുശേഷം അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Back to top button
error: