KeralaNEWS

ഇത് മോഹൻലാൽ തന്നെയോ? എന്തും ചെയ്യാൻ മടിക്കാത്തയാൾ എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല, ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ 6 ബുധനാഴ്ച

      മലയാളത്തിൽ പ്രതീക്ഷകളുടെ അമിതഭാരം കൊണ്ട് റിലീസിന് മുൻപേ തന്നെ ചർച്ചയാകുന്ന മോഹൻലാൽ- ലിജോജോസ് ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ.’ ചിത്രത്തിൽ വീണ്ടും മോഹൻലാൽ ‘ഒടിയൻ’ ലുക്കിൽ വരുന്നു എന്നാണ് വാർത്തകൾ. ആ  ചിത്രത്തിനു വേണ്ടി മോഹൻലാൽ ക്‌ളീൻഷേവിൽ വന്നത് ആരാധകരെ അത്ഭുതപ്പെടുത്തി. എന്നാൽ ‘ഒടിയന്റെ’ പോരായ്മകൾ മൂലം ലാലിന്റെ മേക്കോവർ ട്രോളുകൾക്ക് വിധേയമായി.

ഇതുവരെ കാണാത്ത ലുക്കിലാണ് മോഹൻലാൽ ‘മലൈക്കോട്ടൈ വാലിബ’നിൽ അവതരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. തുടരെയുള്ള പരാജയങ്ങളിൽ നിന്നുമുള്ള മോഹൻലാലിന്റെ വൻ തിരിച്ചുവരവാകും ‘മലൈക്കോട്ടൈ വാലിബൻ’ എന്നാണ് വിലയിരുത്തലുകൾ. ചിത്രം ജനുവരി 25ന് തിയറ്ററിലെത്തും.

സിനിമയുടെ ടീസർ ഈ മാസം 6 ന്  വൈകിട്ട് അഞ്ചുമണിക്ക് റിലീസ് ചെയ്യുമെന്ന് സോഷ്യൽമീഡിയാ അക്കൗണ്ടിലൂടെ മോഹൻലാൽ അറിയിച്ചു. ടീസറിൽ എന്തായിരിക്കും കരുതിവെച്ചിരിക്കുന്നതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും വാലിബനുവേണ്ടി അണിനിരക്കും.

ചിത്രത്തിന്റെ രചന പി.എസ്. റഫീക്ക്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി പി.എസ്. റഫീക്ക് തിരക്കഥ ഒരുക്കുന്ന ‘മലൈക്കോട്ടൈ വാലിബ’നിൽ മധു നീലകണ്ഠൻ ചുരുളിക്ക് ശേഷം ക്യാമറ ചലിപ്പിക്കുന്നു. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചനാണ്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ഈ ചത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്.

Back to top button
error: