KeralaNEWS

കേക്കില്ലാതെ എന്ത് ക്രിസ്തുമസ്; ഇതാ ഒരടിപൊളി കേക്ക് റെസിപ്പി

കേക്കില്ലാതെ എന്ത് ക്രിസ്മസ് ? ക്രിസ്മസ് രുചിയിൽ ഏറെ പ്രധാനപ്പെട്ടതാണ് കേക്ക്. കാരറ്റും ഈന്തപ്പഴവും ചേർത്ത് തയ്യാർ ചെയ്യുന്ന ഒരടിപൊളി കേക്ക് റെസിപ്പി പരിചയപ്പെട്ടാല്ലോ.
 ഓവനില്ലാതെയാണ് ഈ കേക്ക് തയ്യാറാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പഞ്ചസാര വളരെക്കുറിച്ച് ചേർക്കുന്നതിനാൽ മധുരം അധികം താത്പര്യമില്ലാത്തവർക്കും ഇത് ഇഷ്ടമാകും.

ആവശ്യമുള്ള സാധനങ്ങൾ

  • കാരറ്റ്(ചെറുതായി അരിഞ്ഞെടുത്തത്) -ഒരു കപ്പ്(160 ഗ്രാം)
  • ഈന്തപ്പഴം(കുരു കളഞ്ഞ് അരിഞ്ഞെടുക്കുക) -അര കപ്പ്(80 ഗ്രാം)
  • മൈദ -ഒരു കപ്പ്
  • ഉപ്പ് -അൽപം
  • ബേക്കിങ് സോഡ -അര ടീസ്പൂൺ
  • പഞ്ചസാര -അരകപ്പ്(അരകപ്പിന്റെ പകുതി പഞ്ചസാര കാരമലയിസ് ചെയ്യാൻ. ബാക്കി കേക്കിന്റെ മാവിന്റെ കൂടെ ചേർക്കുന്നതിന്)
  • കശുവണ്ടി -ചെറുത് 40 ഗ്രാം, വലുത് 7 എണ്ണം
  • മുട്ട -2 എണ്ണം
  • സൺഫ്ളവർ ഓയിൽ -അര കപ്പ്
  • ഗ്രാമ്പൂപൊടി -അര ടീസ്പൂൺ
  • വനില എസ്സൻസ് -അര ടീസ്പൂൺ
  • വെള്ളം -അര കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം മൈദയും ബേക്കിങ് സോഡയും സോഡാപ്പൊടിയും ഗ്രാമ്പൂ പൊടിച്ചതും ഉപ്പും 3 തവണ അരിപ്പയിൽ അരിച്ചെടുക്കുക. ഇത് 3 തവണ നിർബന്ധമായും അരിച്ചെടുക്കണം.
പിന്നീട് അരകപ്പിൽ പകുതി പഞ്ചസാരയെടുത്ത് ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ ഇട്ട് അടുപ്പത്ത് വെച്ച് കാരമലൈസ് ചെയ്യാൻ വയ്ക്കുക. പഞ്ചസാര ചെറിയ തോതിൽ ഉരുകി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ വെള്ളം ഒഴിക്കുക. ബ്രൗൺ നിറമാകുന്നത് വരെ കരിച്ചെടുക്കുക. ബ്രൗൺ നിറമാകുമ്പോൾ തീ ഓഫ് ചെയ്യുക. അരകപ്പ് വെള്ളം ചേർത്ത് കൊടുക്കുക. വീണ്ടും തീ ഓൺ ചെയ്യാം. ഇത് നന്നായി തിളപ്പിക്കുക. രണ്ട് മിനിറ്റിന് ശേഷം ഇതിലേക്ക് കാരറ്റ് അരിഞ്ഞതും ഈന്തപ്പഴവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു മിനിറ്റിന് ശേഷം തീ കെടുത്തി ഈ കൂട്ട് തണുക്കാൻ വെക്കുക.
ഈ സമയം കേക്കിനുള്ള മാവ് തയ്യാറാക്കാം. ആദ്യം ഒരു വലിയ പാത്രം എടുത്ത് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക. അര ടീസ്പൂൺ വനില എസ്സൻസ് കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. മിക്സിയുടെ ജാറിലിട്ട് അടിച്ചെടുത്താലും മതി. അതിനുശേഷം ഈ കൂട്ടിലേക്ക് അര കപ്പ് സൺഫ്ളവർ ഓയിൽ ഒഴിച്ച് വീണ്ടും അരമിനിറ്റ് ബീറ്റ് ചെയ്യുക. വീണ്ടും കാൽകപ്പ് പഞ്ചസാരയും ചേർത്ത് രണ്ട് മിനിറ്റ് നന്നായി പതഞ്ഞുവരുന്നതു വരെ ബീറ്റ് ചെയ്യുക. പഞ്ചസാര ആവശ്യമെങ്കിൽ പൊടിച്ചും ചേർക്കാം.
ഇങ്ങനെ അടിച്ചെടുത്ത കൂട്ടിൽ നേരത്തെ നമ്മൾ അരിച്ചെടുത്ത് വെച്ച മൈദ കൂട്ട് കുറച്ചായി ചേർത്ത് കൊടുക്കാം. കട്ടകൾ ഉണ്ടാകാതെ പതിയെ പതിയെ വേണം ചേർത്ത് കൊടുക്കാൻ. മുഴുവൻ പൊടിയും ഇങ്ങനെ ചേർത്ത് കൂട്ട് കുഴച്ചെടുക്കാം. ഇപ്പോൾ മാവ് നല്ല കട്ടിയായി വന്നിട്ടുണ്ടാകും. ഇതിലേക്ക് കാരറ്റ്, ഈന്തപ്പഴം, പഞ്ചസാര കരിച്ചത്, കശുവണ്ടിപ്പരിപ്പ് ചെറിയ കഷ്ണങ്ങളാക്കിയത് എന്നിവ കൂടി ചേർത്ത് കുഴച്ചെടുക്കാം. ഇത് പതിയെ വേണം കുഴച്ചെടുക്കാൻ. ശേഷം ഒരു കേക്ക് ടിന്നിൽ എണ്ണ തേച്ച് ബട്ടർ പേപ്പർ വെച്ച് കേക്ക് മാവ് അതിൽ ഒഴിക്കുക. കേക്ക് മാവ് ടിന്നിൽ ഒഴിച്ച ശേഷം കൈകൾ കൊണ്ട് ചെറുതായി ഒന്ന് തട്ടിക്കൊടുക്കണം. മാവിലെ വായുകുമിളകൾ പോകുന്നതിനാണിത്. ശേഷം അലങ്കരിക്കുന്നതിനായി മുറിക്കാത്ത അണ്ടിപ്പരിപ്പ് മാവിന്. മുകളിൽ ഓരോന്നായി വയ്ക്കാം.
Signature-ad

ഓവൻ ഇല്ലാതെയാണ് ഈ കേക്ക് തയ്യാറാക്കുന്നത്. അതിനായി ഒരു ദോശകല്ല് അടുപ്പത്ത് വെക്കുക. അതിൽ ഒരു റിംഗ് വെക്കുക. ഇത് 5 മിനിറ്റ് നന്നായി ചൂടാക്കുക. ശേഷം കേക്കിന്റെ മാവ് റിങ്ങിന്റെ മുകളിൽവെച്ച് ഒരു വലിയ പാത്രം കൊണ്ട് മൂടുക. കേക്ക് ടിൻ നന്നായി മൂടിവെക്കാൻ ശ്രദ്ധിക്കണം. തീ ഏറ്റവും കുറച്ച് വെച്ച് ഒരു മണിക്കൂറിന് ശേഷം മൂടി മാറ്റാം.

 

കേക്ക് പാകമായതിനുശേഷം അടുപ്പിൽ നിന്ന് വാങ്ങി ഒരു തുണികൊണ്ട് മൂടി വെക്കുക. മുകൾവശം ഉണങ്ങിപ്പോകാതെ ഇരിക്കുന്നതിനാണ്. പിറ്റേദിവസം ഉപയോഗിക്കുകയാണെങ്കിൽ കേക്കിന് ഇരട്ടി സ്വാദായിരിക്കും.

Back to top button
error: