BusinessTRENDING

പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ തിരിച്ചെത്തിയത് 97.26%; 9,760 കോടി മൂല്യം വരുന്ന നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമെന്ന് ആർബിഐ

മുംബൈ: വിനിമയത്തില്‍ നിന്ന് പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 97.26 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു. എന്നാല്‍ ഏതാണ്ട് 9,760 കോടി മൂല്യം വരുന്ന നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ടെന്നും റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മേയ് 19നാണ് 2000 രൂപ നോട്ടുകള്‍ വിനിയമത്തില്‍ നിന്ന് പിന്‍വലിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയത്.

നോട്ടുകള്‍ പിന്‍വലിച്ചതായി അറിയിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയ 2023 മേയ് 19ലെ കണക്കുകള്‍ പ്രകാരം ആകെ 3.56 ലക്ഷം കോടി മൂല്യമുള്ള 2000 രൂപയുടെ നോട്ടുകളാണ് വിനിമയത്തിലുണ്ടായിരുന്നത്. നവംബര്‍ 30നുള്ള കണക്കുകള്‍ പ്രകാരം ഇനി തിരികെയെത്താനുള്ള നോട്ടുകളുടെ മൂല്യം 9760 കോടിയാണെന്ന് റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ വിശദീകരിക്കുന്നു. ഇത് പ്രകാരം നവംബര്‍ 19ന് വിനിമയത്തിലുണ്ടായിരുന്ന ആകെ നോട്ടുകളില്‍ 97.26 ശതമാനവും ബാങ്കിങ് സംവിധാനങ്ങളിലൂടെ തിരികെയെത്തിയിട്ടുണ്ട്.

അതേസമയം 2000 രൂപ നോട്ടുകള്‍ക്ക് തുടര്‍ന്നും നിയമപരമായ വിനിമയ പ്രാബല്യമുണ്ടായിരിക്കും എന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് രാജ്യത്തെ റിസര്‍വ് ബാങ്കിന്റെ 19 ഓഫീസുകള്‍ വഴി ഈ നോട്ടുകള്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം. ഇതിന് പുറമെ രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്ന് റിസര്‍വ് ബാങ്ക് ഓഫീസുകളിലേക്ക് 2000 രൂപ നോട്ടുകള്‍ അയച്ചുകൊടുത്ത് ആ തുക ഇന്ത്യയിലുള്ള തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനും സാധിക്കുമെന്ന് റിസര്‍വ് ബാങ്കിന്റെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2000 രൂപ നോട്ടുകള്‍ കൈവശമുള്ള വ്യക്തികളും സ്ഥാപനങ്ങളും സെപ്റ്റംബര്‍ 30ന് മുമ്പ് ഇവ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനായിരുന്നു റിസര്‍വ് ബാങ്ക് ആദ്യം നിര്‍ദേശിച്ചിരുന്നത്. പിന്നീട് ഇത് ഒക്ടോബര്‍ ഏഴ് വരെ നീട്ടി. നോട്ടുകള്‍ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും നല്‍കിയിരുന്ന സമയം ഒക്ടോബര്‍ ഏഴിന് അവസാനിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം 2000 രൂപ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനോ അല്ലെങ്കില്‍ മാറ്റിയെടുക്കാനോ ഉള്ള അവസരം റിസര്‍വ് ബാങ്കിന്റെ 19 ഓഫീസുകള്‍ വഴി മാത്രമാക്കി നിജപ്പെടുത്തിയിരിക്കുകയാണ്. അഹ്മദാബാദ്, ബംഗളുരു, ബെലാപൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡിഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലക്നൗ, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി, പാറ്റ്ന, തിരുവനന്തപുരം എന്നീ ശാഖകളിലാണ് ഇതിന് സംവിധാനമുള്ളത്.

Back to top button
error: