കണ്ണൂര്‍ സര്‍വകലാശാലയിലെ വിസി നിയമനം റദ്ദ് ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുനര്‍ നിയമനത്തില്‍ യുജിസിയുടെ ഒരു ചട്ടവും ലംഘിച്ചിട്ടില്ലെന്നാണ് വിധിന്യായത്തില്‍ സുപ്രീം കോടതി പറഞ്ഞത്. ഗവര്‍ണറുടെ ഈ വാദം സുപ്രീം കോടതി തിരുത്തിയിട്ടും അദ്ദേഹം അത് ആവര്‍ത്തിക്കുന്നത് വിചിത്രനിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തെ സംബന്ധിച്ച് മൂന്ന് നിയമപ്രശ്‌നങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഒന്ന് വൈസ് ചാന്‍സലര്‍ തസ്തിക നിശ്ചിത കാലാവധിയുള്ള തസ്തികയാണ്. അതിലേക്ക് പുനര്‍നിയമനമാകാമോ എന്നതാണ് ഒരു ചോദ്യം. പുനര്‍നിയമനമാകാമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകാലാശാല നിയപ്രകാരം പുനര്‍ നിയമനം നല്‍കുമ്പോള്‍ കണ്ണൂര്‍ സര്‍വകലാശാല നിയമം നിഷ്‌കര്‍ഷിച്ച പ്രായപരിധി ബാധകമാണോ എന്ന ചോദ്യത്തിനും ബാധകമല്ല എന്നാണ് ഉത്തരം. ആദ്യനിയമനത്തിലെന്ന പോലെ പുനര്‍ നിയമനത്തിലും സെലക്ഷന്‍ സെര്‍ച്ച് പാനല്‍ രൂപീകരിച്ച് അതിന്‍ പ്രകാരം നടപടി ആരംഭിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് പുനര്‍നിയമനത്തിന് ഈ പ്രക്രിയ ആവശ്യമില്ലെന്നാണ് കോടതി പറഞ്ഞത്. ഈ മൂന്ന് വാദങ്ങളാണ് പുനര്‍നിയമനവുമായി ഉയര്‍ന്നുവന്നത്. ഇത് സര്‍ക്കാര്‍ നിലപാട് ശരിവയ്ക്കുകയാണ് സുപ്രീം കോടതി ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിസി പദവിയിലേക്ക് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ചട്ടപ്രകാരമാണെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും വിധിച്ചതാണ്. ആ വിധിന്യായങ്ങളെ സുപ്രീം കോടതി പൂര്‍ണമായി ശരിവച്ചിരിക്കുകയാണ്. ഗോപിനാഥ് രവീന്ദ്രന്റെ നിയമനസാധുതയെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും രംഗത്തുവന്നത്. നിയമനസാധുതക്കെതിരായ ആ വാദം സുപ്രീം കോടതി അടക്കം രാജ്യത്തെ എല്ലാ കോടതികളും തള്ളിക്കളയുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീം കോടതി മുന്‍പാകെ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജിയില്‍ ചാന്‍സലര്‍ പദവി വഹിക്കുന്ന ഗവര്‍ണര്‍ ഒന്നാം നമ്പര്‍ എതിര്‍ കക്ഷിയായിരുന്നു. അതില്‍ അദ്ദേഹം സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. അതില്‍ പറഞ്ഞ ഒരു കാര്യം ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാനസലറായി പുനര്‍നിയമിച്ചത് യുജിസി ചട്ടവിരുദ്ധമായാണ്. ആ വാദം കോടതി അംഗീകരിച്ചില്ല. പുനര്‍നിയമനത്തെ സംബന്ധിച്ച് നിലവിലുള്ള യുജിസി ചട്ടങ്ങള്‍ ഒന്നും ലംഘിച്ചിട്ടില്ലെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. ചാന്‍സലറുടെ നിലപാട് തങ്ങളെ അമ്പരപ്പിക്കുന്നു എന്നാണ് ജഡ്ജിമാര്‍ വിധിന്യായത്തില്‍ പറഞ്ഞത്. ഗോപിനാഥ് രവീന്ദ്രനെ വിസിയായി പുനര്‍നിയമിച്ച നിയമനാധികാരിയാണ് ചാന്‍സലര്‍. താന്‍ നടത്തിയത് ചട്ടങ്ങള്‍ വിരുദ്ധമായാണെന്ന് സുപ്രീം കോടതിയെ അദ്ദേഹം അറിയിക്കുന്നു. അത് സുപ്രീം കോടതി തിരുത്തുന്നു. വിധി വന്നശേഷവും ഗവര്‍ണര്‍ ആത് ആവര്‍ത്തിക്കുന്നത് വിചിത്രമായ നിലപാടാണെന്നും പിണറായി പറഞ്ഞു.