KeralaNEWS

കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി; സര്‍ക്കാരിന് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണു വിധി. പുനര്‍നിയമനം ചോദ്യംചെയ്തുള്ള ഹരജികളിലാണ് സംസ്ഥാന സര്‍ക്കാരിനു കനത്ത തിരിച്ചടിയായുള്ള കോടതി ഉത്തരവ്.

കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്. ഗോപിനാഥന്റെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജികള്‍ ഒരു വര്‍ഷത്തോളമായി കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇതുമായി ബന്ധപ്പെട്ട വാദം കോടതി പൂര്‍ത്തിയാക്കിയത്. വിധി പറയാന്‍ വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും വി.സിയും ഹര്‍ജികളില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

Signature-ad

ഇതില്‍ ശക്തമായ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. യു.ജി.സി ചട്ടങ്ങളുടെ ലംഘനമാണു പുനര്‍നിയമനമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ചട്ടങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും കണ്ണൂര്‍ സര്‍വകലാശാലയുടെ നിയമനത്തിന് അനുസൃതമായാണു നിയമനമെന്നുമായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം.

അവസാനമായി വാദംകേട്ടപ്പോള്‍ സുപ്രധാനമായ നിരവധി ചോദ്യങ്ങള്‍ സുപ്രീംകോടതി ഉയര്‍ത്തി. കണ്ണൂര്‍ സര്‍വകലാശാലാ നിയമം അനുസരിച്ച് വി.സി നിയമനത്തിന് 60 വയസാണു പ്രായപരിധി. എന്നാല്‍, ഈ പരിധി കഴിഞ്ഞ ഗോപിനാഥന് എങ്ങനെ നിയമനം നല്‍കിയെന്നു കോടതി ചോദിച്ചു. പുനര്‍നിയമനത്തിന് ഈ പ്രായപരിധി ബാധകമല്ലെന്നും അതു നിയമനത്തിനു മാത്രമാണെന്നുമായായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, നിയമനത്തിനും പുനര്‍നിയമനത്തിനും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണു കോടതി അന്നു നിരീക്ഷിച്ചത്. നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള യോഗ്യതാ മാനദണ്ഡം പാലിച്ചുകൊണ്ട് മാത്രമേ പുനര്‍നിയമനം നടത്താന്‍ കഴിയൂവെന്നും കോടതി വ്യക്തമാക്കി.

Back to top button
error: