IndiaNEWS

ഭാരത് ഗൗരവ് ട്രെയിനില്‍ ഭക്ഷ്യവിഷബാധ, ട്രെയിനില്‍ നിന്ന് ഭക്ഷണം കഴിച്ച 90ഓളം യാത്രക്കാര്‍ക്ക് ശാരീരികാസ്വാസ്ഥ്യം

  ഭാരത് ഗൗരവ്  ട്രെയിനില്‍ ഭക്ഷ്യവിഷബാധ എന്ന് സംശയം. ചെന്നൈയില്‍ നിന്ന് പുറപ്പെട്ട 90ഓളം യാത്രക്കാര്‍ക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതായി ടൈംസ് ഓഫ് ഇന്‍ഡ്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

വയറുവേദനയും അതിസാരവുമടക്കമുള്ള രോഗങ്ങളാണ് യാത്രക്കാര്‍ക്ക് പിടിപെട്ടത്. ഏകദേശം 1,000 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പല യാത്രക്കാര്‍ക്കും തലകറക്കവും വയറുവേദനയും ഛര്‍ദിയും അതിസാരവും അനുഭവപ്പെട്ടു. ട്രെയിന്‍ പൂനെ സ്റ്റേഷനില്‍ എത്താനിരിക്കെയാണ് സംഭവം. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ല. പുറപ്പെടുന്നതിന് മുമ്പ് ട്രെയിന്‍ വിശദമായി പരിശോധിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു.

അതേസമയം, ട്രെയിനില്‍ അടുക്കള സൗകര്യം ഇല്ലായിരുന്നു. സോലാപൂരില്‍ നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയുള്ള വാദി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ഭക്ഷണം കഴിച്ചതായി റിപ്പോർട്ടുണ്ട്. റെയില്‍വേ ഭക്ഷണം നല്‍കിയിട്ടില്ലെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

മെഡിക്കല്‍ സഹായം നല്‍കുന്നതിനായി റെയില്‍വേ ആശുപത്രിയിലെ ഡോക്ടര്‍മാരെയും റൂബി ഹാളിലെ ഡോക്ടര്‍മാരെയും മറ്റ് റെയില്‍വേ ഉദ്യോഗസ്ഥരെയും പൂനെ സ്റ്റേഷനിലേക്ക് അയച്ചെന്ന് ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജരും പിആര്‍ഒയുമായ രാംദാസ് ഭിസെ അറിയിച്ചു.

Back to top button
error: