ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൊതുവിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി. 2024 ജനുവരി ഒന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.
ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പ്രതിമാസം അഞ്ചു കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കും.പദ്ധതിയുടെ ഭാഗമായി അന്ത്യോദയ അന്ന യോജന കുടുംബങ്ങള്‍ക്കും മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. ഏതാണ്ട് 80 കോടിയോളം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പദ്ധതിക്കായി അടുത്ത അഞ്ചുവര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ 11.80 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.
കോവിഡ് കാലത്താണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി ആരംഭിച്ചത് . അതുപ്രകാരം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അധികമായി അഞ്ച് കിലോ ധാന്യങ്ങള്‍ (ഗോതമ്പോ അരിയോ) ലഭിക്കുന്നു. കൂടാതെ, അധിക ഭക്ഷണ വിതരണ പരിപാടിയുടെ ഭാഗമായി ചനയും നല്‍കുന്നുണ്ട്. ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നീട്ടുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.