CrimeNEWS

സല്‍മാന് വീണ്ടും ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി; പക കാല്‍നൂറ്റാണ്ട് പഴയ കൃഷ്ണമൃഗ വേട്ടയുടെ പേരില്‍

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി. ചൊവ്വാഴ്ചയാണ് ഭീഷണി ഉണ്ടായതെന്നും അദ്ദേഹത്തിന്റെ സുരക്ഷ അവലോകനം ചെയ്തതായും മുംബൈ പൊലീസ് അറിയിച്ചു. നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് സല്‍മാനുള്ളത്. ഞായറാഴ്ച പഞ്ചാബി ഗായകന്‍ ഗിപ്പി ഗ്രവാളിന്റെ കാനഡയിലെ വസതി ആക്രമിച്ചതിനു പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സല്‍മാനെയും പരാമര്‍ശിച്ചിരിക്കുന്നത്. ബിഷ്ണോയിയുടെ അക്കൗണ്ടെന്ന് കരുതപ്പെടുന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉറവിടെ ഇന്ത്യക്ക് പുറത്തുനിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീഷണിക്ക് പിന്നാലെ മുംബൈ പൊലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പുനഃപരിശോധിച്ചു. കഴിഞ്ഞ മാര്‍ച്ചിലും സല്‍മാന് നേരെ ഭീഷണിയുണ്ടായിരുന്നു. യുകെയില്‍ പഠിക്കുന്ന ഡല്‍ഹി സ്വദേശിയായ 25 വയസുകാരനാണ് ഇ-മെയില്‍ ഭീഷണിപ്പെടുത്തിയത്. താരത്തിന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയ മുംബൈ പൊലീസ് ഖാന് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് താരത്തിന് ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്.

Signature-ad

കഴിഞ്ഞ വര്‍ഷവും സല്‍മാനും പിതാവിനും വധഭീഷണി കത്ത് ലഭിച്ചിരുന്നു. അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയ പഞ്ചാബ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ അവസ്ഥയുണ്ടാകുമെന്നാണ് ഒരു മാസം മുന്‍പ് ലഭിച്ച ഭീഷണിക്കത്തിലുണ്ടായിരുന്നത്. ജൂണ്‍ അഞ്ചിന് ബാന്ദ്രയില്‍നിന്നാണ് കത്തു ലഭിച്ചത്. സല്‍മാന്‍ പ്രഭാത സവാരിക്കു പോകുന്ന വഴിയില്‍നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കത്ത് കണ്ടെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് താരം സ്വയം സുരക്ഷ ശക്തമാക്കിയിരുന്നു. തന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എസ്യുവി കവചവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ഉപയോഗിച്ച് നവീകരിച്ചിരുന്നു. തോക്ക് കൈവശം വയ്ക്കാനും സല്‍മാന് മുംബൈ പൊലീസ് അനുമതി നല്‍കിയിരുന്നു.

1998 ല്‍ രാജസ്ഥാനില്‍ സിനിമാ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പേരിലാണ് സല്‍മാന്‍ ഖാനെ,
ലോറന്‍സ് ബിഷ്ണോയി നടനെ വകവരുത്താന്‍ ശ്രമിക്കുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി രാജസ്ഥാനില്‍ എത്തിയതായിരുന്നു സല്‍മാന്‍. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, നീലം കോത്താരി, സൊനാലി ബേന്ദ്ര, തബു എന്നിവരും സല്‍മാനോടൊപ്പം ഉണ്ടായിരുന്നു. ഇവരും സല്‍മാന്റെ സഹായികളായ ദുഷ്യന്ത് സിങ്, ദിനേഷ് ഗാവ്റ എന്നിവരും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു. കൃഷ്ണമൃഗത്തെ ബിഷ്‌ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്. തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനര്‍ജ്ജന്മമായാണ് ഇവര്‍ കൃഷ്ണമൃഗത്തെ കണക്കാക്കുന്നത്. പക്ഷിമൃഗാദികളെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും വലിയ പാപമായി അവര്‍ കണക്കാക്കുന്നു. വന്യമൃഗങ്ങളെ വേട്ടയാടിയ കേസുകളില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ ബിഷ്ണോയികള്‍ ഇടപെടാറുണ്ട്.

 

 

Back to top button
error: