ഇരിങ്ങാലക്കുട: പ്രായമായ അമ്മയ്ക്ക് കാനനവാസനായ അയ്യനെ കാണാന്‍ ശബരിമലയില്‍ പോകാന്‍ പ്രയാസമാകും. ഇരുപതുവര്‍ഷം മലകയറി കണ്ടുതൊഴുത ആ അയ്യപ്പസന്നിധിയുടെ മാതൃക മകന്‍ മരംകൊണ്ട് പണിതൊരുക്കി അമ്മയെ കാണിച്ചു.
കൊത്തുപണിക്കാരനായ മകന്‍ ദേവദാസന്‍ എട്ടുവര്‍ഷംകൊണ്ട് പണിതുകൂട്ടിയ അയ്യപ്പസന്നിധാനത്തിന്റെ പൂര്‍ണരൂപം അമ്മ ചന്ദ്രമതി നിര്‍വൃതിയോടെ കണ്ടുതൊഴുതു.
മരത്തില്‍ തീര്‍ത്ത ചുറ്റമ്പലവും പിച്ചളയില്‍ പൊതിഞ്ഞ് സ്വര്‍ണവര്‍ണമണിഞ്ഞ ശ്രീകോവിലും കൊടിമരവും പൊന്നുപതിനെട്ടാംപടിയും അതേപടി കരവിരുതില്‍ ഒരുങ്ങിയപ്പോള്‍ അമ്മയ്ക്കുള്ള സമ്മാനം അയ്യനോടുള്ള ഭക്ത്യാദരവിന്റെ സമര്‍പ്പണമായി. പറപ്പൂക്കര കിഴക്കുമുറി കാമ്പുഴ വീട്ടില്‍ ദേവദാസന്‍ ഏഴാംവയസ്സില്‍ തുടങ്ങിയതാണ് ശബരിമലദര്‍ശനം.
പതിനഞ്ചാംവയസ്സുമുതല്‍ മരപ്പണി ചെയ്യുന്നു. പണി കഴിഞ്ഞ് രാത്രിയാണ് ക്ഷേത്രമാതൃക ഒരുക്കുന്നത്. അമ്മ കൗതുകത്തോടെ കൂട്ടിരിക്കും. ഓരോ തവണയും ശബരിമലദര്‍ശനം നടത്തുമ്പോള്‍ അയ്യപ്പസന്നിധിയുടെ നിര്‍മാണരീതികള്‍ കണ്ടുമനസ്സിലാക്കും. മനസ്സില്‍ സൂക്ഷിച്ച ആ ചിത്രമാണ് പിന്നീട് വീട്ടിലെത്തിയുള്ള ക്ഷേത്രനിര്‍മാണത്തിന് പ്രചോദനം.
ശ്രീകോവിലിന്റെ അളവും പാദുകപ്പുറവും വലിയമ്പലത്തിന്റെ വിസ്താരവും എല്ലാം കൃത്യമായി മനസ്സിലാക്കിയാണ് ഈ ചെറുമാതൃക തീര്‍ത്തത്. തേക്കിലും ഈട്ടിയിലുമാണ് നിര്‍മാണം. ശ്രീകോവിലിന്റെ മേല്‍ക്കൂരയും ചുമരുകളും വാതിലും സ്വര്‍ണസമാനമായി പിച്ചളത്തകിടുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
ഒരുവര്‍ഷംമുന്‍പ് ശ്രീകോവില്‍ നിര്‍മാണം പൂര്‍ത്തിയാക്കി. പ്രതിഷ്ഠിക്കാന്‍ അയ്യപ്പവിഗ്രഹം ശബരിമലയില്‍നിന്നുതന്നെ ദേവദാസന്‍ വാങ്ങിവന്നു. ദേവദാസന്റെ കരവിരുതില്‍ ഒരുങ്ങിയ അയ്യപ്പക്ഷേത്രം കഴിഞ്ഞ ദിവസം പറപ്പൂക്കര സുബ്രഹ്മണ്യക്ഷേത്രത്തിലെ ദേശവിളക്ക് ആഘോഷത്തില്‍ എഴുന്നള്ളിപ്പിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു.