ഒരു മൈക്കും കയ്യില്‍ പിടിച്ചുകൊണ്ട് ക്യാമറയ്ക്കു മുന്നില്‍ വളുവളാണ് ഊഹാപോഹങ്ങളും പൊടിപ്പും തൊങ്ങലുമൊക്കെ ശ്വാസം വിടാതങ്ങ് തള്ളുകയാണ് മാര്യാദയില്ലാത്ത ഇക്കൂട്ടങ്ങൾ .വിഷമത്തിലിരിക്കുന്ന ഒരു കുടുംബത്തിലെ ഓരോ അംഗങ്ങളെയും തിരഞ്ഞുപിടിച്ച് ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങൾ ഉന്നയിച്ച് അവരെ പോലും വെറുപ്പിക്കുന്ന കാഴ്ച!
ഒന്നു ബഹളം വയ്ക്കാതെയിരിക്കാമോന്ന് ആ കുടുംബത്തിലെ സ്ത്രീക്ക് പോലും പറയേണ്ടി വന്നിട്ടും കലപിലയും പരസ്പരം കയ്യാങ്കളിക്കും വരെ മുതിരുന്ന ഇവർക്ക് എന്ത് പ്രതിബദ്ധതയാണ് ജനങ്ങോളോടുള്ളത് ?
കുട്ടിയെ കണ്ടുകിട്ടിയ ശേഷം ഞങ്ങളാണ് ഇത് ആദ്യം റിപ്പോർട്ട് ചെയ്തതെന്ന് സ്ക്രീനിൽ തന്നെ എടുത്തുകാട്ടുന്നു ഒരു മാധ്യമം.മറ്റൊരാൾക്ക് കുട്ടിയോടൊപ്പം ആരും സെൽഫിയെടുക്കാൻ വരാത്തതിലായിരുന്നു ദുഃഖം !
മുംബൈയില്‍ നടന്ന 26/11 ഭീകരാക്രമണത്തില്‍ കൂടുതല്‍ ജീവാപായം ഉണ്ടായത് അവിടുത്തെ മാദ്ധ്യമങ്ങള്‍ മൂലമായിരുന്നു എന്നത് പിന്നീട് തെളിയിക്കപ്പെട്ട കാര്യമാണ്.
താജ് ഹോട്ടലിനുമുന്നില്‍ ക്യാമറയും തൂക്കി രാപ്പകലില്ലാതെ മാപ്രകള്‍ നടത്തിയ ലൈവ്, അങ്ങ് പാക്കിസ്ഥാനിലിരുന്നുകൊണ്ട് ഭീകര തലവന്മാര്‍ തത്സമയം കാണുകയും ഇന്ത്യൻ കമന്റോകളുടെ നീക്കങ്ങള്‍ മനസ്സിലാക്കി സാറ്റലൈറ്റ് ഫോണിലൂടെ താജിലെ കൊലയാളികള്‍ക്ക് അവര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ അപ്പപ്പോള്‍ നല്‍കുകയുമായിരുന്നു. അതാണ് അന്ന് കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടാൻ കാരണമായത്.
കുട്ടിയെ കാണാതായ സംഭവത്തിൽ
ഇന്നലെ രാവിലെ മുതൽ ചാനലുകൾ അവതരിപ്പിച്ച ഒരു പേരാണ് തിരുവനന്തപുരം ശ്രീകണ്ഠേശ്വരം അമ്പലത്തിന് മുന്നിലുള്ള കാർ മാസ്റ്റേഴ്സ് എന്ന കാർ വാഷിംഗ് സെന്റർ ഉടമ പ്രതീഷ്….. ഏതാനും മണിക്കൂറുകൾ പ്രതീഷ് തന്നെ ആയിരുന്നു മാധ്യമങ്ങൾക്ക് ഈ കേസിലെ ഒന്നാം പ്രതി.
പ്രതീഷിന്റെ കാർ വാഷിംഗ് സെന്ററിൽ നിന്നും 19 കെട്ട് അഞ്ഞൂറിന്റെ നോട്ട് കണ്ടെടുത്തത്രേ….. !
പ്രതീഷിന്റെ തിരുവല്ലത്തുള്ള സഹോദര സ്ഥാപനത്തിലും ആറ്റുകാൽ, ബണ്ട് റോഡ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും/വീട്ടിലും പോലീസ് റെയ്ഡ് നടത്തിയെന്നായിരുന്നു ചിലരുടെ ഫ്ലാഷ് ന്യുസ്.
അല്ല ചാനലുകാരേ…. നിങ്ങൾ പ്രതീഷിനെ പ്രതിയാക്കി മണിക്കൂറുകൾ കൊണ്ടാടിയത് എന്ത് അടിസ്ഥാനത്തിലാണ്?
പ്രതീഷാണ് പ്രതി എന്ന വിവരം ആരാണ് നിങ്ങൾക്ക് തന്നത്? ആ വ്യക്തിക്കോ ആ സ്ഥാപനത്തിനോ ഈ വാർത്ത മൂലം ഭാവിയിൽ വന്നേക്കാവുന്ന കഷ്ടനഷ്ടത്തിന് ആര് സമാധാനം പറയും?
ഇതൊക്കെയാണ് നിങ്ങൾ ഇവിടത്തെ ജനങ്ങളോട് ചെയ്യുന്നതെങ്കിൽ ,അറിവില്ലായ്മയും അഹങ്കാരവും അലങ്കാരമായി കൊണ്ടുനടക്കുന്ന നിങ്ങളെ ജനം തല്ലിയോടിക്കുന്ന കാലം ഒട്ടും വിദൂരമല്ല എന്നുതന്നെ പറയേണ്ടിവരും.
‘മലയാളി’ പേരിലുള്ള മഞ്ഞപത്രം ഇന്നലെ മുഴുവൻ സമയവും മാറ്റി വച്ചിരിക്കുന്നത് കേരളാ പോലീസിന്റെ നെഞ്ചത്ത് കയറാനാണ്.കൊല്ലത്തെ സംഭവവികാസങ്ങളുടെ പേരിൽ,പോലീസ് ഒന്നും ചെയ്തില്ല എന്ന് സ്ഥാപിക്കലാണ് മഞ്ഞപത്രക്കാരന്റെ ഇന്നലത്തെ അജണ്ട.
സംഭവം നടന്ന സമയം മുതൽ ഊണും ഉറക്കവുമില്ലാതെ ഈ നാട്ടിലെ,പ്രത്യേകിച്ച് കൊല്ലം-തിരുവനന്തപുരം ജില്ലകളിലെ മുഴുവൻ പോലീസുകാരും കർമ്മനിരതരായി.എ.ഡി.ജി.പി എം.ആർ.അജിത് കുമാർ,ഡി.ഐ.ജി നിഷാന്തിനി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണം,അതിന്റെ ഭാഗമായുള്ള പഴുതടച്ചുള്ള കോമ്പിംഗ്..ഇക്കാരണങ്ങൾ കൊണ്ടാണ് കുട്ടിയെ ഉപേക്ഷിക്കാനുള്ള സാഹചര്യം തട്ടികൊണ്ട് പോയ സംഘത്തിനുണ്ടായത്.കിട്ടിയ അവസരം മഞ്ഞപത്രങ്ങൾ പോലീസിനെതിരെയുള്ള ആയുധമാക്കുകയായിരുന്നു.