അഞ്ചാലുംമൂട് സ്വദേശി സജീവനാണ് പൊലീസ് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായത്. സജീവന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.
ഓയൂരില്‍നിന്ന് കാണാതായ ആറുവയസുകാരിയെ ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയെന്ന വിവരമറിഞ്ഞതിനു പിന്നാലെയാണ് സജീവന്‍ സ്റ്റേഷനിലേക്ക് എത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം നഗരത്തിലെ ലിങ്ക് റോഡില്‍വെച്ചാണ് കുട്ടിയുമായി സ്ത്രീ ഓട്ടോയില്‍ കയറിയതെന്ന് സജീവന്‍ പോലീസിനോട് പറഞ്ഞു.
‘അവരെ ഒരു കാരണവശാലും രക്ഷപ്പെടാന്‍ അനുവദിക്കരുത്. അവര്‍ കൊല്ലം ജില്ലയുടെ ഏതെങ്കിലും ഭാഗത്തുണ്ടെങ്കില്‍ ഉടന്‍തന്നെ പിടികൂടണമെന്ന ലക്ഷ്യത്തോടെയാണ് പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടിയുമായി ഓട്ടോയില്‍ കയറിയ സ്ത്രീ വെള്ളത്തുണി ഉപയോഗിച്ച് തല മറച്ചിട്ടുണ്ട്. ഇളംമഞ്ഞ നിറത്തിലുള്ള ചുരിദാര്‍ ടോപ്പാണ് ധരിച്ചിരിക്കുന്നത്’ സജീവന്‍ പറഞ്ഞു. ഓട്ടോയില്‍ വരുമ്ബോള്‍ കുട്ടി യാതൊരു പ്രതികരണവും നടത്തിയില്ല. താന്‍ കുട്ടിയെ ശരിക്ക് ശ്രദ്ധിച്ചതുമില്ല. കുട്ടി തനിക്ക് എന്തെങ്കിലും ഒരു മെസേജ് തന്നിരുന്നെങ്കില്‍ രക്ഷപ്പെടുത്തിയേനേ. സ്ത്രീ ഇറങ്ങി 10 സെക്കന്‍ഡെങ്കിലും കഴിഞ്ഞാണ് കുട്ടി ഇറങ്ങിയത്. അവശത മൂലം വലിഞ്ഞാണ് കുട്ടി ഇറങ്ങിയത്. സുഖമില്ലാത്ത കുട്ടിയാരിക്കുമെന്നാണ് കരുതിയത്. ഇങ്ങനൊരു സംഭവം അപ്പോള്‍ മനസില്‍ വന്നില്ല അദ്ദേഹം പറഞ്ഞു.
തന്റെ ഓട്ടോയില്‍ കയറിയത് ഓയൂരില്‍നിന്ന് കാണാതായ കുട്ടിയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. പ്രതിയായ സ്ത്രീയെ വിട്ടുകളഞ്ഞതില്‍ പശ്ചാത്താപമുണ്ട്. തന്റെ കൈയില്‍ നിന്നാണ് അവര്‍ നഷ്ടമായത്. കുട്ടിയെയും സ്ത്രീയെയും ഇറക്കിയപ്പോള്‍ ആശ്രാമം മൈതാനത്ത് അത്ര തിരക്കില്ലായിരുന്നു. മൈതാനത്തിന്റെ കവാടത്തിന് പിറകിലായാണ് ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. 200 രൂപയുടെ നോട്ടാണ് നല്‍കിയത്. ഓട്ടോക്കൂലിയുടെ ബാക്കി 160 രൂപ തിരികെനല്‍കി. ഓട്ടോയില്‍വെച്ച് അവര്‍ ആരോടും മൊബൈലില്‍ സംസാരിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.