KeralaNEWS

അബി​ഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെകുറിച്ച് സൂചന; വാടകവീട്ടിൽ പൊലീസ് പരിശോധന

കൊല്ലം: അബി​ഗേൽ സാറയെന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെകുറിച്ച് സൂചന. കല്ലമ്പലം ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയെന്നാണ് പൊലീസിന് സംശയം. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഞെക്കാട്ടെ വാടകവീട്ടിൽ പൊലീസ് പരിശോധന നടന്നുവരികയാണ്. സ്ത്രീയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് വ്യക്തത വരുത്താനാണ് പൊലീസിന്റെ തീരുമാനം. ഞെക്കാട്ടെ വീട്ടിൽ പൊലീസ് പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. ഇവിടെയെത്തിയ വിദ്യാർത്ഥികളാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു. പൊലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Signature-ad

മകളെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും കുടുംബം നന്ദി പറഞ്ഞു. ‘എല്ലാവരെയും ദൈവം അനു​ഗ്രഹിക്കട്ടെ’ എന്നായിരുന്നു അബി​ഗേലിന്റെ സഹോദരൻ ജോനാഥൻ മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമങ്ങൾക്കും രാഷ്ട്രീയപ്രവർത്തകർക്കും പൊലീസ് ഉദ്യോ​ഗസ്ഥർക്കും മതാധികാരികൾക്കും കേരളത്തിലുള്ള എല്ലാ ജനങ്ങൾക്കും കണ്ണീരോടെയാണ് അമ്മ സിജി നന്ദി പറഞ്ഞത്. ‘കേരളത്തിലുള്ളവരുടെയും കേരളത്തിന് പുറത്തുള്ളവരുടെയും പ്രാര്‍ത്ഥന ദൈവം കേട്ടു. എന്‍റെ കുഞ്ഞിനെ ഒരു കുഴപ്പവുമില്ലാതെ തിരിച്ചു തന്നു. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു. ‘ സിജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതേസമയം, കുട്ടിയെ ഇന്ന് വീട്ടിലേക്കയക്കില്ല. ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയും കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിട്ടുണ്ട്.

Back to top button
error: