KeralaNEWS

ലീഗ് ജില്ലാ കമ്മിറ്റിക്കെതിരെ യൂത്ത് ലീഗ് പ്രകടനം; മുന്‍ ജില്ലാ ട്രഷറര്‍ക്കെതിരായ നടപടി പ്രകോപനം

വയനാട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ മുദ്രാവാക്യങ്ങളുമായി മേപ്പാടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രകടനം. മുന്‍ ജില്ലാ ട്രഷറര്‍ യഹിയാഖാന്‍ തലക്കലിനെതിരായ പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. യഹിയാഖാനെതിരായ തുടര്‍ച്ചയായ പാര്‍ട്ടി നടപടികള്‍ ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് ആരോപണം.

മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ ആയിരുന്ന യഹിയാഖാന്‍ തലയ്ക്കലിനെ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി നേതാക്കളെ സമൂഹ മാധ്യമത്തില്‍ അവഹേളിച്ചു എന്നാരോപിച്ചായിരുന്നു നടപടി.

നേരത്തെ സമസ്ത നേതാക്കളെ അപമാനിച്ചു എന്നാരോപിച്ച് ജില്ലാ ട്രഷറര്‍ സ്ഥാനത്തു നിന്നും യഹിയാ ഖാനെ നീക്കിയിരുന്നു. എന്നാല്‍, കെ.എം ഷാജിയുടെ അടുത്ത അനുയായിയായ യഹിയാഖാനെ രാഷ്ട്രീയമായി നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് അദ്ദേഹത്തിനെതിരായ തുടര്‍ച്ചയായ നടപടികള്‍ എന്നാരോപിച്ചാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

റിപ്പണ്‍ തലക്കലില്‍ നടന്ന പ്രകടനത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി മുഹമ്മദിനതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുയര്‍ന്നു. യഹിയ ഖാനെതിരായ നടപടി പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ നേതൃത്വത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ത്താനാണ് പ്രവര്‍ത്തകരുടെ തീരുമാനം.

 

 

Back to top button
error: