KeralaNEWS

തകരും പൊതുഗതാഗതം; സർക്കാർ നിലപാടാണ് ശരി

റോബിൻ ബസും ​ഗിരീഷുമാണല്ലോ വാര്‍ത്തകളിലെ താരം.കെഎസ്ആര്‍ടിസിക്കുള്ള അടി ആണെന്ന് കരുതി ആസ്വദിക്കുന്ന ഉടമകളോടും ജീവനക്കാരോടും സിമ്പിളായി ഒരു സംശയം പങ്ക് വെക്കുന്നു.
താങ്കൾ മുപ്പതോ നാൽപതോ വര്‍ഷമായി ഒരു സര്‍വീസ് നടത്തുന്നു എന്ന് കരുതുക.
താങ്കളേക്കാൾ സാമ്പത്തിക ശേഷിയുള്ള ഒരാൾ ആ പെര്‍മിറ്റ് വിൽക്കുന്നോ എന്ന് അന്വേഷിക്കുന്നു.
വിൽക്കുന്നില്ലെന്നോ, പെര്‍മിറ്റിന് പതിനഞ്ചോ ഇരുപതോ ലക്ഷം രൂപ വേണമെന്നോ ആവശ്യപ്പെടുന്നു.
മറ്റേയാൾക്ക് ഇത് സ്വീകാര്യമല്ല.
അയാൾ തത്കാലം എഐടിപി പെര്‍മിറ്റെടുത്ത് താങ്കളുടെ ബസിന്റെ തൊട്ട് മുന്നിൽ ഓടുന്നു.
കിടപ്പാടം പണയപ്പെടുത്തി 30 ലക്ഷം രൂപയ്ക്ക് പെര്‍മിറ്റടക്കം വാങ്ങിയ ബസാണെന്നും കരുതുക. ബസിന് മാത്രം മാര്‍ക്കറ്റിൽ 10 ലക്ഷമേ ഉണ്ടാകൂ.
ഒടുവിൽ ഇറച്ചി വിലക്ക് ഇത് വിൽക്കാനോ, നിര്‍ത്തി പോകാനോ താങ്കൾ നിര്‍ബന്ധിതനാകില്ലേ…
ഏതെങ്കിലും സ്വകാര്യ വ്യക്തിയെയോ ടൂറിസ്റ്റിനെയോ സഹായിക്കാൻ കേന്ദ്രം ഇത്തരമൊരു നിയമം നടപ്പാക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ?
മൂന്ന് പേരെ കയറ്റി ഓടുന്ന ഓട്ടോ റിക്ഷകളുടെ സമാന്തര സര്‍വീസ് പോലും സ്റ്റേജ് കാരിയേജ് പെര്‍മിറ്റുകളുടെ നട്ടെല്ല് ഒടിക്കുമ്പോൾ,
എഐടിപി പെര്‍മിറ്റ് വ്യാപകമായാൽ ഇന്ത്യയിലെ സ്റ്റേജ് കാരിയേജ് പെര്‍മിറ്റുകൾ ബാക്കിയുണ്ടാകുമോ. ?
ജിയോ വന്ന് പത്തോളം മൊബൈൽ കമ്പനികളെ അപ്പാടെ പൂട്ടിച്ചത് പോലെ,
അമ്പാനിയെ പോലെ, ആദാനിയെ പോലെ, ടാറ്റയെ പോലെ വൻകിട കമ്പനികൾ
എഐടിപി പെര്‍മിറ്റ് തുടങ്ങി…
മൂന്നോ നാലോ മാസം പാതി ടിക്കറ്റ് നിരക്കിൽ ആളെ കൊണ്ടുപോയി തുടങ്ങിയാൽ അതിജീവിക്കാൻ ശേഷിയുള്ള ഏതെങ്കിലും ഓപ്പറേറ്റര്‍ കേരളത്തിലുണ്ടോ ?
പൊതു ​ഗതാ​ഗത സംവിധാനം തകര്‍ന്നാൽ വിദ്യാര്‍ത്ഥികൾ എങ്ങനെയാണ് ഒരു രൂപയ്ക്കും രണ്ട് രൂപയ്ക്കും സ്കൂളിൽ പോയി പഠിക്കുക ?
ഇനി മറ്റൊന്ന്…18000 രൂപയുടെ ഡീസല്‍,വഴിയിലെ ടോളും ജീവനക്കാരന്റെ ശമ്ബളവും ഉള്‍പ്പെടെ രൂപ 4000.സ്പെയര്‍ പാര്‍ട്സ് മുതല്‍ ഇൻഷുറസ് വരെയുള്ള ചിലവ് കൂടി ദിവസേന വീതിച്ചാല്‍ ഏകദേശം 25000 രൂപയോളം പ്രതിദിന ചിലവ്.ആകെയുള്ള നാൽപ്പതോ നാല്പത്തിയഞ്ചോ സീറ്റില്‍ കെഎസ്‌ആര്‍ടിസി ലോ ഫ്ലോര്‍ എ സി യെക്കാള്‍ കൂടുതല്‍ കാശ് വാങ്ങിച്ചാല്‍ പോലും പരമാവധി 1500 രൂപ മുതല്‍ 3000 രൂപ വരെ മാത്രം ബാലൻസ് കിട്ടുന്ന ഒരു സര്‍വീസിന് വേണ്ടി ഒരാള്‍ ഒരു ലക്ഷം രൂപ കൂളായി ഫൈൻ മേടിക്കുമോ…? അതും ഒന്നിന് പിറകെ ഒന്നായി പലതവണ..?!

ഡീസലിന്റെയും സ്പെയര്‍ പാര്‍ട്സുകളുടെയും വിലവര്‍ധനയില്‍ ബസ് വ്യവസായം തന്നെ പ്രതിസന്ധി നേരിടുമ്ബോള്‍ കേവലം ഒരു ബസ് സര്‍വീസിന്റെ പേര് പറഞ്ഞു കോടതികളില്‍ കേസ് നടത്തിപ്പിനായി ഇത്രയും തുക ഒരാളുടെ പേരില്‍ മുടക്കുമ്ബോള്‍ ചെറിയൊരു സംശയം പോലും മനസ്സില്‍ തോന്നാത്ത വിധം അത്രയും നിഷ്കളങ്കരാണോ നിങ്ങള്‍..?

Signature-ad

അതും പത്തു മുപ്പതു കൊല്ലം ബസ് വ്യവസായത്തില്‍ നിറഞ്ഞും നീന്തിയും നടന്നൊരാള്‍ സ്റ്റേജ് കാര്യേജ് കോണ്‍ട്രാക്‌ട് കാര്യേജ് വത്യാസം അറിയാത്ത വണ്ണം മനോഹരമായി അഭിനയിക്കുമ്ബോള്‍ പ്രത്യേകിച്ചും…!

ചില്ലിട്ട കൊട്ടാരങ്ങള്‍ എന്ന പോലെയുള്ള ബസുകളുമായി നാട്ടില്‍ നിയമപരമായും ഒളിഞ്ഞും തെളിഞ്ഞും അത് തെറ്റിച്ചും സര്‍വീസ് നടത്തുന്ന ഒരു വിഭാഗമുണ്ട്.കല്യാണത്തിന് പോകുന്ന പാവം ടൂറിസ്റ്റ് ബസുകള്‍ അല്ല.. ലക്ഷ്വറി ബസുകളുടെ ഏറ്റവും എലൈറ്റ് വിഭാഗം. ഒന്ന് കാലെടുത്തു വെക്കണം എങ്കില്‍ സാധാരണക്കാരൻ രണ്ടു പ്രാവശ്യം പോയിട്ട് വരേണ്ട പൈസ കൊടുക്കേണ്ട ബസുകള്‍.അവര്‍ക്ക് വേണ്ടി അവരുടെ വരവിന് വേണ്ടി കൂലിക്കെടുത്ത ആള്‍ മാത്രമാണ് നമ്മളില്‍ ചിലര്‍ ആഘോഷിക്കുന്ന മുതലാളി. യഥാര്‍ത്ഥ മുതലാളിമാര്‍ പുറകില്‍ ചിയേര്‍സ് പറഞ്ഞു ചിരിക്കുന്നുണ്ട്..

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്‌ എന്ന AITP നിയമത്തെ വളച്ചൊടിച്ച്‌ KSRTC യും പ്രൈവറ്റ് ബസും അടങ്ങുന്ന പൊതുഗതാഗത മേഖലയെ അപ്പാടെ തകര്‍ക്കാൻ ശ്രമിക്കുന്ന ഗൂഢാലോചനയുടെ പ്രസക്ത രംഗങ്ങള്‍ മാത്രമാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്.

കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഈരാറ്റുപേട്ടയിലേക്ക് കേവലം 15 കിലോമീറ്റര്‍ സര്‍വീസ് നടത്തണമെങ്കില്‍ പോലും ഒരു സാധാരണ പ്രൈവറ്റ് ബസുകാരന് കലക്ടറുടെ അധ്യക്ഷതയില്‍ ഉള്ള RTA ബോര്‍ഡിന്റെ അനുമതി വരെ വേണം എന്നിരിക്കെ AITP നിര്‍ദേശങ്ങളില്‍ ഒരിടത്തും പറഞ്ഞിട്ടില്ലാത്ത സ്റ്റേജ് കാരിയേജ് ആയി സര്‍വീസ് നടത്തുന്നതിന് ദീര്‍ഘദൂര സര്‍വീസുകള്‍ക്കും അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കും വേണ്ടിയുള്ള നിയമത്തെ വെല്ലുവിളിച്ചു ഒരാള്‍ തുനിഞ്ഞിറങ്ങുന്നുവെങ്കില്‍, ഉറപ്പായും അയാള്‍ കളിക്കുന്നത് തിരശീലയ്ക്ക് പിറകിലെ വലിയൊരു ഗൂഡാലോചനയുടെ തിരക്കഥയുടെ ഭാഗമായി തന്നെയാണ്..

പൊതു ഗതാഗതം തകരുന്നതോടെ സര്‍വീസ് സെക്ടറില്‍ നിന്ന് സര്‍ക്കാരാകും ആദ്യം പിന്മാറുക.കാരണം ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ക്കതാണ് ലാഭം.ഒരു ചായക്കാശിനേക്കാള്‍ ചെറിയ ചിലവില്‍ തുടങ്ങുന്ന യാത്ര ടിക്കറ്റുകള്‍ അപ്പോള്‍ തന്നെ ഇല്ലാതാകും.പകരം യാത്ര ചെയ്യേണ്ട തുക നാളെ അവര്‍ തീരുമാനിക്കും…

ദീര്‍ഘ ദൂര യാത്രകള്‍ സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാകും..അന്ന് അവര്‍ കര്‍ട്ടന് പിന്നില്‍ ആവില്ല.. മുൻപില്‍ ആയിരിക്കും..ഈ നാട്ടിലെ യാത്രാ സംവിധാനങ്ങളെ വെല്ലു വിളിച്ചുകൊണ്ടും നിയന്ത്രിച്ചു കൊണ്ടും..!

Back to top button
error: