ഒരിക്കലെങ്കിലും മനപൂർവം തോറ്റു കൊടുക്കുക, തോല്‍വിയും ചിലപ്പോഴൊക്കെ ജയമാണ്
വെളിച്ചം
ആ യുവാവ് ആശ്രമാധിപനോട് പറഞ്ഞു:
“എനിക്കീ ആശ്രമത്തില്‍ ചേരണമെന്നുണ്ട്. പക്ഷേ, അതിന് ഉതകുന്ന പാഠങ്ങളൊന്നും തന്നെ ഞാന്‍ പഠിച്ചിട്ടില്ല. എനിക്കാകെ അറിയുന്നത് ചെസ്സ് കളിക്കാനാണ്. അത് ജ്ഞാനത്തിലേക്ക് നയിക്കില്ലെന്നറിയാം. മാത്രമല്ല, മത്സരങ്ങള്‍ പാപങ്ങളിലേക്ക് നയിക്കും എന്നും ഞാന്‍ കേട്ടിട്ടുണ്ട്…”
ആശ്രമാധിപന്‍ തന്റെ ശിഷ്യരെ വിളിച്ചുപറഞ്ഞു:
“ഒരു ചെസ് ബോര്‍ഡ് കൊണ്ടുവരിക. ഇയാളുമായി ആര്‍ക്കും മത്സരിക്കാം. തോല്‍ക്കുന്നയാള്‍ പിന്നെ ആശ്രമത്തിലുണ്ടാകില്ല.”
വെല്ലുവിളി ഏറ്റെടുത്ത ശിഷ്യനുമായി യുവാവ് മത്സരം ആരംഭിച്ചു. തനിക്ക് വളരെവേഗം ജയിക്കാനാകുമെന്ന് അയാള്‍ക്ക് മനസ്സിലായി. അപ്പോഴാണ് അയാള്‍ എതിരാളിയുടെ കണ്ണിലേക്ക് നോക്കിയത്. ആ മുഖത്തെ നിസ്സഹായത കണ്ട യുവാവ് സ്വയം തോറ്റുകൊടുക്കാന്‍ തുടങ്ങി.
എല്ലാം കണ്ടുനിന്ന ഗുരു ചെസ് ബോര്‍ഡ് മറിച്ച് കളഞ്ഞിട്ട് പറഞ്ഞു:
“നിനക്ക് മത്സരവീര്യം മാത്രമല്ല, മഹാമനസ്‌കതയുമുണ്ട്. നിനക്ക് ആശ്രമത്തിലേക്ക് സ്വാഗതം…!”
തോറ്റുകൊടുത്താല്‍ മാത്രം ജയിക്കുന്ന ചില മത്സരങ്ങളുണ്ട് ജീവിതത്തില്‍. കിരീടങ്ങള്‍ക്കോ വെന്നിക്കൊടികള്‍ക്കോ യാതൊരു പ്രധാന്യവുമില്ലാത്ത കളികളാണവ. തോല്‍വിയും ജയവും മത്സരത്തിന്റെ പരിണതഫലം മാത്രമല്ല, പങ്കെടുക്കുന്നവരുടെ മാനസികാവസ്ഥ കൂടിയാണ്. ജയിക്കുമെന്നുറപ്പുളള ഒരു മത്സരം തോറ്റുകൊടുക്കണം. അപ്പോള്‍ തോല്‍ക്കുമെന്നുറപ്പിച്ച ഒരാള്‍ ജയിച്ചുകയറും. തകര്‍ന്നുവെന്നു തീര്‍ച്ചപ്പെടുത്തിയിടത്തുനിന്നു തിരിച്ചുകയറിയ ആളോടൊപ്പം കുറച്ച് നിമിഷം ചെലവഴിക്കണം.. ആത്മവിശ്വാസത്തിന്റെയും നന്ദിയുടേയും തിളക്കങ്ങള്‍ ഒരേ സമയം ആ കണ്ണുകളില്‍ കാണാം. രണ്ടുതരം എതിരാളികളുണ്ട്. തോല്‍പിക്കുന്നവരും, തോല്‍വിയിലും ആത്മവിശ്വാസം സംരക്ഷിക്കുന്നവരും.
ആദ്യത്തെ കൂട്ടര്‍ക്ക് എതിരാളികള്‍ മാത്രമേയുണ്ടാകൂ… എന്നാല്‍ ഒരിക്കലെങ്കിലും തോറ്റു കൊടുത്തവര്‍ക്ക് സഹചാരികളും ഉണ്ടാകും.. അതെ ചിലപ്പോഴൊക്കെ തോല്‍വിയും ജയമാണ്
ശുഭദിനം.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ