KeralaNEWS

സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണം; നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി

കോഴിക്കോട്: വടകര നവകേരള സദസിൽ മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. വടകര മുട്ടുങ്ങൽ സ്വദേശി എ.കെ യൂസഫ് ആണ് പരാതി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതിക്കാരൻ മുഖ്യമന്ത്രിക്ക് ഇ മെയിൽ വഴി പരാതി നൽകിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് വീണ്ടും പരാതി നൽകുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു. കോടതി വിധി പ്രകാരം പണം നൽകാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.

അതേസമയം, കെ.കെ ശൈലജയ്ക്കെതിരായ പരാമർശം വിവാദമായതിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി രം​ഗത്തെത്തി. തൻറെ പ്രസംഗം കൊണ്ട് പരിപാടി വൈകിയിട്ടില്ല എന്ന ശൈലജ ടീച്ചറുടെ വിശദീകരണത്തിന് പിന്നാലെയാണ് പിണറായിയുടെ ആക്ഷേപം. മട്ടന്നൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ സ്ഥലം എംഎൽഎയായ കെ കെ ശൈലജ പ്രസംഗം നീട്ടിക്കൊണ്ട് പോയതിനാൽ താൻ കൂടുതൽ സംസാരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു. എന്നാൽ താൻ പ്രസംഗം നീട്ടിയിട്ടില്ലെന്നും 15 മിനിറ്റ് മാത്രമാണ് പ്രസംഗിച്ചതെന്നും അത് കാരണം പരിപാടി വൈകിയിട്ടില്ലെന്നും ഇന്ന് കെ.കെ ശൈലജ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദത്തിൻറെ ഉത്തരവാദിത്തം മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മേൽ ചാർത്തിയത്.

സിപിഎം നേതാവ് കൂടിയായ ശൈലജയുടെ ഭർത്താവിനെയും മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. പരിപാടിക്ക് ആൾക്കുട്ടം കുറഞ്ഞതിലുള്ള നീരസം ആ പ്രതികരണത്തിലുണ്ടായിരുന്നു. ശൈലജക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശം യാദൃശ്ചികമല്ലെന്നാണ് പാർട്ടിയിലെ വിലയിരുത്തൽ. കൊവിഡ് കാലത്ത് പല കാര്യങ്ങളിലും മുൻകൈ എടുത്തതുവഴി ശൈലജക്ക് കിട്ടിയ വാ‍ർത്താ പ്രാധാന്യം ചർച്ചയായിരുന്നു. ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന തരത്തിലുള്ള ചർച്ച ഇലക്ഷൻ കാലത്ത് ഉയർന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു.

Back to top button
error: