NEWS

താര പരിവേഷങ്ങൾ ഉപേക്ഷിച്ച്   മാത്യു ദേവസ്സിയായി മമ്മൂട്ടിയും  ഭാര്യ ഓമനയായി ജ്യോതികയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു, ‘കാതൽ ദി കോർ’: 4/5

   ജയൻ മൺറോ

    തീയേറ്ററുകളിലെത്തി രണ്ടാം ദിവസവും ‘കാതൽ’ വൻ ജനപ്രീതിയോടെ മുന്നേറുകയാണ്. താര പരിവേഷങ്ങളെല്ലാം അഴിച്ചുവെച്ച് വ്യത്യസ്തമായ കഥാപാത്രങ്ങൾ കണ്ടെത്തി ആ കഥാപാത്രങ്ങളുടെ ആത്മാംശം ഭാവപ്രകടനങ്ങളിലൂടെ കൊണ്ടുവരുന്ന അതുല്യ നടൻ മമ്മുട്ടി യുടെ വ്യത്യസ്ത മുഖമാണ് ഈ ചിത്രത്തിലുടെ വെളിപ്പെടുന്നത്. സൂപ്പർസ്റ്റാർ ആയ ഒരു നടൻ എങ്ങനെ തന്റെ കരിയർ ആയ സിനിമയെ സ്നേഹിക്കുന്നുവെന്നതിന് തെളിവാണ് വിധേയനും, പാലേരി മാണിക്യവും, മൃഗയയും അമരവുമൊക്കെ. വിനോദോപാധി എന്ന നിലയിലോ ജീവിതഗന്ധിയോ  സാമൂഹ്യ പശ്ചാത്തലമുള്ളതോ ആയ ചിത്രങ്ങൾ പുതിയ തലമുറയിൽ നിന്ന് ഇന്ന് ലഭിക്കുന്നത് വളരെ വിരളമാണ്. പലതും തട്ടിക്കൂട്ട് ചിത്രങ്ങളാണ്‌. അത്തരം ചിത്രങ്ങൾ നമ്മെ തീയറ്ററിൽ നിന്ന് അകറ്റുന്നു എന്ന് മാത്രമല്ല ഒടിടിയിൽ പോലും പല സിനിമകളും കാണാനുള്ള താൽപര്യം കുറയ്ക്കുകയും ചെയ്യുന്നു. പ്രതിഭയുള്ള എഴുത്തുകാരുടെയോ സംവിധായകരുടെയോ ചിത്രങ്ങൾ ആകട്ടെ തീയറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കുന്നുമില്ല. അവിടെയാണ് മമ്മൂട്ടി എന്ന നടന്റെ മഹത്വം മലയാള സിനിമ അറിയുന്നത്. പുതിയ തലമുറയിലെ അത്തരം പ്രതിഭാധനരായ സിനിമാ പ്രവർത്തകരെ  മമ്മൂട്ടി മനസ്സിലാക്കി അവർക്ക് അവസരങ്ങൾ നൽകുകയാണ് ചെയ്യുന്നത്. അതിലൂടെ  മമ്മൂട്ടി ചിത്രത്തിലെ എല്ലാ സാങ്കേതിക പ്രവർത്തകരും കൂടുതൽ ശ്രദ്ധ നേടുന്നു, അതിനൊപ്പം  മലയാള സിനിമയും ശ്രദ്ധ ആകർഷിക്കുന്നു.

മമ്മൂട്ടിയുടെ ഓരോ ചിത്രവും പുതിയ പുതിയ പരീക്ഷണങ്ങളാണ്. അതിലൂടെ മലയാള സിനിമയേയും പ്രതിഭയുള്ള സിനിമാപ്രവർത്തകരേയും മമ്മൂട്ടി ഉയർത്തികൊണ്ടു വരികയാണ്. കുടുംബനാഥനായും ബ്യൂറോക്രാറ്റായും പോലീസ് ഓഫീസറായും കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരായും ചരിത്രപുരുഷന്മാരായും മാത്രമല്ല പച്ചയായ നാടൻ കഥാപാത്രങ്ങളായും മമ്മൂട്ടി എന്ന നടൻ ഏറെ സൂക്ഷ്മ നിരീക്ഷണ പാടവത്തോടെ  അഭിനയിക്കുന്നത് കാണാൻ തന്നെ എന്ത് രസമാണ്. ഓരോ കഥാപാത്രത്തിലും മമ്മൂട്ടി നൽകുന്ന ശരീരഭാഷയും സംസാരഭാഷയും വളരെ വ്യത്യസ്തമാണ്.  മമ്മൂട്ടി എന്ന നടൻ ഭാഷാ പഠനത്തിൽ ജാഗ്രത പുലർത്തുന്നതിനെക്കുറിച്ച്  മാധ്യമപ്രവർത്തകൻ  മനോജ് ഭാരതി   എഴുതിയ ‘മമ്മൂട്ടി ഭാഷയും ദേശവും’ പുസ്തകം ഇതെല്ലാം അടിവരയിടുന്നു. മമ്മൂട്ടിയുടെ പത്രസമ്മേളനങ്ങൾ എത്രത്തോളം റിച്ച് ആണ്‌. ഈ നടനോട് ചോദ്യം ചോദിക്കാൻ തന്നെ അശക്തരാണോ പലരും എന്ന് തോന്നിപ്പോകും.

ഈയടുത്തകാലത്തായി ഇറങ്ങിയ മമ്മൂട്ടിയുടെ റോഷാക്ക്, ഭീഷ്മപർവം, നൻ പകൽ നേരത്തു മയക്കം,  കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകൾക്ക് ശേഷം ഇപ്പോ ഴിതാ ‘കാതൽ ദ കോര്‍.’  ഓരോ കഥാപാത്രങ്ങളിലൂടെയും  ഈ നടൻ നമ്മെ അത്ഭുതപ്പെടുത്തുന്നു.  മമ്മൂട്ടിയും ജ്യോതികയും മാത്യുവായും ഓമനയായും ചേർന്ന് മത്സരിച്ചുള്ള അഭിനയത്തിൽ മമ്മൂട്ടിയ്ക്കൊപ്പം ജ്യോതികയും നമ്മെ ഞെട്ടിക്കുകയാണ്. മലയാളത്തിൽ ലേഡി സൂപ്പർസ്റ്റാർ പദവി നൽകിയിട്ടുള്ള നടികളുടെ അഭിനയത്തേക്കാൾ എത്രയോ മുകളിൽ ആണ്‌ ജ്യോതികയുടെ പ്രകടനം. ഇവർ മാത്രമല്ല അധികം പ്രശസ്തരല്ലാത്ത മറ്റ് നടീനടന്മാരുടെ ഉജ്ജ്വലമായ പ്രകടനവും ചേർന്ന് ഈ സിനിമ മലയാള സിനിമ ചരിത്രത്തിൽ സ്ഥാനം പിടിക്കുകയാണ്. മാത്യുവിന്റെ എതിർ സ്ഥാനാർഥിയ്ക്ക് വേണ്ടി ഒരു വീട്ടിൽ വോട്ടഭ്യർഥിയ്ക്കുന്ന സീനിലുള്ള ആ രണ്ട് പേരും ഗംഭീരം.
ഇതുവരെ ആരും പറയാത്ത ഒരുപക്ഷേ ആരും പറയാൻ മടിക്കുന്ന ഒരു വിഷയം. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നീ രണ്ട് ചെറുപ്പക്കാർ അവരുടെ തിരക്കഥാ രചനയിലൂടെ അത്ഭുതപ്പെടുത്തുന്ന ബ്രില്യൻസുമായാണ് എത്തിയിരിക്കുന്നത്. ആ തിരക്കഥ ഏറെ പക്വതയാർന്ന ശൈലിയിലൂടെ മികച്ച ഒരു സിനിമാനുഭവമാക്കി മാറ്റിയ ജിയോ ബേബിയുടെ, ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനു ശേഷമുള്ള മറ്റൊരു സിനിമാ വിപ്ലവം തന്നെയാണ് ‘കാതൽ ദി കോർ.’
സിനിമയുടെ ഓരോ സീനിനും ഏറെ അനുയോജ്യമായ പശ്ചാത്തല സംഗീതമൊരുക്കിയ മാത്യുസ് പുളിക്കനും, മേലുകാവിന്റെയും പാലായുടെയും മികച്ച ഫ്രയിമുകൾ ഒരുക്കിയ സിനിമാട്ടോഗ്രാഫർ സാലു കെ തോമസും ഈ സിനിമയെ കൂടുതൽ സമ്പന്നമാക്കി. ശരിക്കും ഏവരും  ഉറപ്പായും കാണേണ്ട ഒരു സിനിമ തന്നെയാണ് ‘കാതിൽ ദി കോർ.’

Back to top button
error: