യുദ്ധത്തിലേർപ്പെട്ട റഷ്യൻ സൈനീകരെ സന്തോഷിപ്പിക്കുന്നതിനായി പാടുപാടിക്കൊണ്ടിരിക്കവെ റഷ്യൻ ഗായിക യുക്രൈൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ 19 -ാം തിയതിയാണ് സംഭവം. നേരത്തെ റഷ്യയുടെ അധീനതയിലായിരുന്ന യുക്രൈൻറെ കിഴക്കൻ പ്രദേശമായ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ കുമാചോവ് ഗ്രാമത്തിലാണ് സംഭവം നടന്നത്. 2014 ലെ ക്രിമിയ യുദ്ധത്തിനിടെയാണ് റഷ്യ കീഴടക്കിയ പ്രദേശമാണ് കുമാചോവ്. ഗ്രാമം യുദ്ധമുഖത്ത് നിന്നും 60 കിലോമീറ്റർ ഉള്ളിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. യുദ്ധമുഖത്ത് പോരാടുകയായിരുന്ന റഷ്യൻ സൈനികർക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ പാട്ടുപാടുകയായിരുന്നു കൊല്ലപ്പെട്ട റഷ്യൻ നടി പോളിന മെൻഷിഖ്.
JUST IN: Russian actress Polina Menshikh was killed by a Ukrainian missile while performing for Russian marines.
The incident happened in the village of Kumachovo which is 40 miles from the front lines.
The strike was conducted by the Ukrainian military using a US-supplied… pic.twitter.com/7xNtawpBzT
— Collin Rugg (@CollinRugg) November 22, 2023
ഞായറാഴ്ച കുമാചോവിലെ ഒരു ഡാൻസ് ഹാളിൽ 150 ഓളം സൈനികരുടെ മുന്നിൽ പരിപാടി അവതരിപ്പിച്ച് കൊണ്ടിരിക്കെയായിരുന്നു അക്രമണം ഉണ്ടായത്. ആക്രമണത്തിൽ 20 ഓളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ അവകാശപ്പെട്ടു. എന്നാൽ, ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കണക്കുകളെ കുറിച്ച് പ്രതികരിക്കാൻ റഷ്യ തയ്യാറായിട്ടില്ല. ആക്രമണത്തിൻറെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു. പോളിന മെൻഷിഖ് പാടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു സ്ഫോടനം നടക്കുകയും ഹാളിലെ ലൈറ്റുകൾ ഓഫാകുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഈ സമയം ഇവർ സ്റ്റേജിൽ ഗിറ്റാർ വായിക്കുകയും പാട്ട് പാടുകയുമായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ പോളിന മെൻഷിഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം യുക്രൈൻ സ്ഥിരീകരിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. പോളിന മെൻഷിഖ് സംവിധാനം ചെയ്ത പുറത്ത് വരാനുള്ള നാടകം അവൾക്കായി സമർപ്പിക്കുന്നെന്ന് പോളിനയുമായി ബന്ധപ്പെട്ട സെൻറ് പീറ്റേഴ്‌സ്ബർഗ് ആസ്ഥാനമായുള്ള തിയറ്റർ സ്റ്റുഡിയോയായ പോർട്ടൽ പറഞ്ഞു, റഷ്യയിലെ പ്രശസ്തയായ തീയ്യറ്റർ ആർട്ടിസ്റ്റാണ് പോളിന മെൻഷിഖ്. നാടകം, നൃത്തം, സംഗീതം തുടങ്ങിയ മേഖലകളിൽ ഇവർ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഒരു വർഷവും പത്ത് മാസവുമായി റഷ്യ, യുക്രൈനിലേക്ക് അധനിവേശം തുടങ്ങിയിട്ട്. എന്നാൽ, ഇതിവരെയായും കാര്യമായ മുന്നേറ്റങ്ങളൊന്നും നേടാൻ റഷ്യൻ സൈന്യത്തിന് കഴിഞ്ഞിട്ടില്ല.