Movie

കാണാൻ സുന്ദരിയല്ലാത്ത നിമിഷ സജയനെ എങ്ങനെ അഭിനയിപ്പിച്ചെന്ന് ചോദ്യം,  നാവടപ്പിച്ച്  സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ കിടിലൻ മറുപടി

     കുറഞ്ഞ സിനിമകൾ കൊണ്ട് തന്നെ തെന്നിന്ത്യയിൽ നിരവധി ആരാധകരെ സൃഷ്‌ടിച്ച നടിയാണ് നിമിഷ സജയൻ. ചിത്ത, ജിഗര്‍തണ്ട ഡബ്ബിള്‍ എക്‌സ് എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായ വിജയങ്ങളോടെ തമിഴ് സിനിമാ പ്രേക്ഷകർക്ക് നിമിഷ സുപരിചിതയായി മാറിയിരിക്കുന്നു. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള  മാധ്യമ പ്രവർത്തകന്റെ മുള്ളു വച്ച  ചോദ്യത്തിന് സംവിധായകൻ കാർത്തിക് സുബ്ബരാജ് നൽകിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

  ‘ജിഗര്‍തണ്ട ഡബ്ബിള്‍ എക്‌സി’ന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും പങ്കെടുത്ത പത്രസമ്മേളനത്തിനിടെ ആയിരുന്നു സംഭവം. കാര്‍ത്തിക് സുബ്ബരാജിനോട് മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ നിമിഷയെ അപമാനിക്കുന്ന ഒരു ചോദ്യം ഉന്നയിക്കുകയായിരുന്നു. ‘എങ്ങനെയാണ് കാണാന്‍ സുന്ദരിയല്ലാത്ത നിമിഷ സജയനെ കാസ്റ്റ് ചെയ്ത് നന്നായി അഭിനിപ്പിക്കാന്‍ സാധിച്ചത്’ എന്നായിരുന്നു ചോദ്യം. കൃത്യമായ മറുപടിയായിരുന്നു ചോദ്യത്തിന് കാർത്തിക് സുബ്ബരാജ് നൽകിയത്.

‘എങ്ങനെയാണ് നിങ്ങള്‍ക്ക് അവര്‍ സുന്ദരിയല്ലെന്ന് പറയാന്‍ സാധിക്കുക. അത് നിങ്ങളുടെ കാഴ്ചപ്പാടാണ്. ഒരാള്‍ സുന്ദരയില്ലെന്ന് പറയുന്നത് തെറ്റാണ്. അതൊരു തെറ്റായ ചിന്തയാണ്.’ കാര്‍ത്തിക് സുബ്ബരാജിന്റെ കുറിക്കു കൊള്ളുന്ന മറുപടി അതായിരുന്നു.

അതേസമയം, ചിത്രത്തിന്റെ സംഗീത സംവിധായകനായ സന്തോഷ് നാരായണന്‍ സംഭവത്തിന് പിന്നാലെ എക്‌സിലൂടെ വിഷയത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തി.

‘ഞാന്‍ അവിടെയുണ്ടായിരുന്നു. സൗന്ദര്യത്തെക്കുറിച്ചുള്ള ആ മണ്ടന്‍ ചോദ്യം മാത്രമായിരുന്നില്ല ആ റിപ്പോര്‍ട്ടര്‍ ചെയ്തത്. അയാള്‍ എന്തെങ്കിലും വിവാദമുണ്ടാക്കാന്‍ ബോധ പൂര്‍വ്വം ശ്രമിച്ചതാണ്. ഇത് ചോദിച്ച ശേഷം അയാളുടെ മുഖത്ത് വലിയ അഭിമാനമായിരുന്നു.’ സന്തോഷ് നാരായണൻ എക്‌സിൽ പ്രതികരിച്ചു.

Back to top button
error: