കോഴിക്കോട്: സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍നടന്ന യോഗത്തില്‍ എസ്.ഐയും പോലീസുകാരനും പങ്കെടുത്തു. സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ ജോയന്റ് സെക്രട്ടറിയും ട്രാഫിക് എസ്.ഐയുമായ സുനില്‍കുമാര്‍, ട്രാഫിക് സ്റ്റേഷന്‍ സി.പി.ഒ: സുരേഷ് ബാബു എന്നിവരാണ് മുക്കത്തിനടുത്ത് ചേന്നമംഗലം സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്.
യോഗത്തില്‍ പങ്കെടുത്ത പോലീസുകാരന്‍തന്നെ സംഭവം വാട്‌സാപ്പ് സ്റ്റാറ്റസായി ഇടുകയായിരുന്നു. ഇതോടെയാണ് ഇത് പുറത്തറിഞ്ഞത്.
സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് ഇതുസംബന്ധിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയ്ക്ക് ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു യോഗം.
സഹൃദയ സ്വാശ്രയസംഘം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം. അനുകൂല സ്വാശ്രയസംഘമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്നതെന്നും അഞ്ചുമാസം മുമ്പാണ് ഈ സംഘത്തിന് രൂപം നല്‍കിയതെന്നുമാണ് സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ കമ്മിഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടെന്ന് അറിയുന്നു. ഇതേ വിശദീകരണമാണ് വിവാദത്തിലകപ്പെട്ട എസ്.ഐയും സിവില്‍ പോലീസ് ഓഫീസറും മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.
സേനാംഗങ്ങള്‍ക്കിടയിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാനും അസോസിയേഷന്‍ പിടിച്ചെടുക്കലിനും മറ്റുമായി പാര്‍ട്ടി ഓഫീസില്‍ ചിലര്‍ യോഗത്തിന് പോകാറുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിനൊന്നും തെളിവുകള്‍ ഉണ്ടായിരുന്നില്ല. തെളിവുകള്‍ സഹിതം ഇത്തരം വീഡിയോ പ്രചരിക്കുന്നത് ആദ്യമായിട്ടാണ്.