ചരിത്രത്തിലാദ്യമായി തലസ്ഥാന ജില്ലയ്ക്കു പുറത്ത് സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് (നവംബർ 22) നടന്നു. തലശ്ശേരിയിൽ വച്ചാണ് തുടക്കം. രാവിലെ 9നു കൊടുവള്ളി പേൾവ്യൂ റസിഡൻസിയിലാണു യോഗം നടന്നത്. തുടർച്ചയായി അഞ്ചാഴ്‌ച, അഞ്ച് ജില്ലകളിലായി, ഇത്തരത്തിൽ യോഗങ്ങൾ ചേരും. തലശ്ശേരി (നവംബർ 22), മലപ്പുറത്തെ വള്ളിക്കുന്ന് (നവംബർ 28), തൃശൂർ (ഡിസംബർ 6), പീരുമേട് (ഡിസംബർ 12), കൊല്ലം (ഡിസംബർ 20) എന്നിവിടങ്ങളിലാണ് മന്ത്രിസഭാ യോഗം.
ഇടത് സർക്കാരിന്റെ ഏഴു വർഷത്തെ നേട്ടങ്ങൾ അടിവരയിടുന്നതിനും, പരാതി പരിഹാരത്തിനുമായി സർക്കാർ ആവിഷ്‌കരിച്ച നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിൽ പര്യടനം നടത്തുന്ന സാഹചര്യത്തിലാണ് ഈ വേദികളിൽ മന്ത്രിസഭകൾ നടക്കുക.
ക്യാബിനറ്റ് മീറ്റിംഗുകൾ അതിന്റെ നിയുക്ത സ്ഥലത്തിനും പുറത്ത് നടത്തുന്ന ആശയം പുതിയതല്ലെങ്കിലും, സംസ്ഥാന തലസ്ഥാനത്തിന് പുറത്ത് തുടർച്ചയായി അഞ്ച് മന്ത്രിസഭാ യോഗങ്ങൾ നടക്കുന്നത് ഇതാദ്യമാണ്.
രാവിലെ മന്ത്രിസഭാ യോഗം ഉള്ളതിനാൽ പൗരപ്രമുഖരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്നു നടന്നില്ല.