KeralaNEWS

ദളിത് വിഭാഗത്തില്‍ നിന്നുയര്‍ന്നു വന്ന ആദ്യ പൈലറ്റ്: ആകാശ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ച കേരള സര്‍ക്കാരിന് നവകേരള സദസില്‍ നന്ദിപറഞ്ഞ് പൈലറ്റ് സങ്കീര്‍ത്തന

ദളിത് വിഭാഗത്തില്‍ നിന്നുയര്‍ന്നു വന്ന ആദ്യത്തെ പൈലറ്റായ സങ്കീര്‍ത്തനഹൃദയം നിറയെ നന്ദിയുമായി നവകേരളാസദസിലെത്തി. ജീവിത പ്രതിസന്ധികള്‍ക്കിടയിലും കുട്ടിക്കാലം മുതലുള്ള അടങ്ങാത്ത ആഗ്രഹവും സര്‍ക്കാരിന്റെ ഇച്ഛാശക്തിയും ചേര്‍ന്നപ്പോള്‍ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ശിവകീര്‍ത്തനയില്‍ സങ്കീര്‍ത്തന ദിനേശ് സ്വപ്ന ചിറകിലേറി ലക്ഷ്യസ്ഥാനത്തെത്തി. ജീവിതത്തിലെ ഓരോ തടസങ്ങളും മറികടന്നാണ് സര്‍ക്കാരിന്റെ പിന്തുണയോടെ പട്ടിക ജാതി വിഭാഗത്തില്‍ നിന്നു സങ്കീര്‍ത്തന കൊമേഴ്‌സ്യല്‍ പൈലറ്റ് നേടിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കണ്ണൂരിലെ നവകേരള സദസില്‍ പങ്കെടുത്തു കൊണ്ടാണ് സങ്കീര്‍ത്തന അഭിമാനപൂര്‍വം സ്വന്തം കഥ പറഞ്ഞത്.

എട്ടാംതരത്തില്‍ പഠിക്കുമ്പോള്‍ കല്‍പന ചൗളയെ കുറിച്ചുള്ള പുസ്തകം വായിക്കുന്നതിനിടെയാണ് സങ്കീര്‍ത്തനക്ക് ആകാശയാത്രയോട് പ്രണയം തോന്നിയത്. പ്ലസ് ടു പഠന സമയത്ത് പിതാവ് എം കെ ദിനേശൻ സ്‌ട്രോക് വന്ന് കിടപ്പിലായി. ഇതോടെ ഏവിയേഷന്‍ പഠിക്കണമെന്ന ആഗ്രഹം കുടുംബത്തോട് പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. ജീവിത ചുറ്റുപാട് മോശമായതോടെ, പ്ലസ് ടുവാണ് ഏവിയേഷന്‍ കോഴ്‌സിന്റെ യോഗ്യതയെന്നറിഞ്ഞിട്ടും സങ്കീര്‍ത്തന ബിരുദ പഠനമായ ബി.എസ്.സി ഫിസിക്‌സ് കോഴ്‌സിന് ചേര്‍ന്നു. കണ്ണൂര്‍ സര്‍വകലാശാല എടാട്ട് കാംമ്പസില്‍ എം.എസ്.സി ഫിസിക്‌സ് കോഴ്‌സ് ചെയ്യുന്നതിനിടെ നാലു വര്‍ഷമായി കിടിപ്പിലായിരുന്ന പിതാവ് മരിച്ചു. ഒരു വര്‍ഷം കഴിഞ്ഞതോടെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികയായ അമ്മ കെ.ജി രാജമ്മ ജോലിയില്‍ നിന്നു വിരമിച്ചു.

കോളജ് കാന്റീനില്‍ ചായക്കുടിക്കുന്നതിനിടെ യാദൃശ്ചികമായാണ് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ അപേക്ഷ ക്ഷണിച്ച വാര്‍ത്ത കണ്ടത്. ഉടന്‍ അപേക്ഷ അയക്കുകയും 12 പേരില്‍ മൂന്നാംറാങ്കോടെ പ്രവേശനം ലഭിക്കുകയും ചെയ്തു. എന്നാല്‍ പഠനത്തിനായി 32 ലക്ഷം രൂപ വേണമായിരുന്നു …!
ഈ 12 പേരില്‍ സങ്കീര്‍ത്തനയെ കൂടാതെ മറ്റു നാലു പട്ടികജാതി വിദ്യാര്‍ഥികള്‍ കൂടിയുണ്ടായിരുന്നു. അങ്ങനെയാണ് സര്‍ക്കാരിന്റെ പഠനസഹായം ലഭിക്കാന്‍ സ്‌കോളര്‍ഷിപ് ലഭിക്കുമോ എന്ന് അറിയാന്‍ പട്ടിക വികസന ഓഫീസര്‍ ഒ.പി രാധാകൃഷ്ണന്‍ മുഖാന്തരം മന്ത്രി കെ രാധാകൃഷ്ണനെ കാണാന്‍ പോകുന്നത്.

മന്ത്രി തുടര്‍ന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എസ് സി, എസ് ടി, ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് ഏവിയേഷന്‍ പഠനത്തിനായി സ്‌കോളര്‍ഷിപ് ലഭ്യമാക്കാന്‍ ‘വിങ്‌സ്’ പദ്ധതി ആരംഭിക്കുകയായിരുന്നു. ഇതോടെ അക്കാദമിയില്‍ പഠനത്തിന് യോഗ്യത നേടുന്നവരുടെ കോഴ്‌സ് ഫീസ് പട്ടികജാതി-പട്ടിക വര്‍ഗ-പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്‌കോളര്‍ഷിപ്പായി നല്‍കി. ഇതോടെയാണ് സങ്കീര്‍ത്തനയുടെ സ്വപ്നത്തിന് ചിറകു വരച്ചത്. സിംഗിള്‍ എന്‍ജിന്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് നേടിയ സങ്കീര്‍ത്തനക്ക് നിലവില്‍ 26.5 ലക്ഷം രൂപ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചു. നിലവില്‍ തിരുവനന്തപുരത്ത് മള്‍ട്ടി എന്‍ജിന്‍ പഠനം നടത്തുന്ന സങ്കീര്‍ത്തനക്കുള്ള ബാക്കി ആറുലക്ഷം രൂപ ഒരുമാസത്തിനകം അനുവദിക്കും.

സര്‍ക്കാരിനോടുള്ള സന്തോഷവും കടപ്പാടും പറഞ്ഞറിയാക്കാന്‍ കഴിയാത്തതാണെന്നാണ് സങ്കീര്‍ത്തന പറയുന്നു. മുമ്പ് നമുക്ക് വേണ്ടി സംസാരിക്കാന്‍ ഇടങ്ങളുണ്ടായിരുന്നില്ലെന്നും എന്നാല്‍ ആ സ്ഥിതി ഇപ്പോള്‍ മാറിയെന്നും സ്വപ്നങ്ങള്‍ കാണാന്‍ ധൈര്യം തന്നത് സര്‍ക്കാരാണെന്നും സങ്കീര്‍ത്തന പറഞ്ഞു. പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ മുന്നോട്ടുവരണമെന്നും നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകാന്‍ സര്‍ക്കാരിന്റെ സഹായം ലഭിക്കുമെന്ന് ഉറപ്പാണെന്നും അവര്‍ പറയുന്നു.

സങ്കീര്‍ത്തനയ്ക്ക് പുറമെ വയനാട്ടിലെ ശരണ്യ, കോഴിക്കോട്ടെ വിഷ്ണു പ്രസാദ്, ആലപ്പുഴയിലെ ആദിത്യന്‍, പാലക്കാട്ടെ നവീന്‍ എന്നിവരും ‘വിങ്സ്’ പദ്ധതിയുടെ ആദ്യബാച്ചില്‍ കൊമേഴ്സ്യല്‍ പൈലറ്റാവാനുള്ള പഠനം പൂര്‍ത്തീകരിക്കുകയാണ്.

Back to top button
error: