LocalNEWS

യുഡിഎഫ് ഭരിക്കുന്ന നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തി​ൽ പ്രസിഡന്റി​ന്റെ ഏകാധിപത്യ നിലപാട്; ഭരണ സമിതി യോഗത്തിൽ പ്രതിഷേധിച്ച എൽഡിഎഫ് മെമ്പർമാരെ പിന്തുണച്ച് ലീഗും ഇറങ്ങി പോയി

മലപ്പുറം: നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റേത് ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ നിന്ന് എൽഡിഎഫ് മെമ്പർമാരെ പിന്തുണച്ച് ലീഗും ഇറങ്ങി പോയി. ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പരിപാടികൾ രാഹുൽ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യുന്നതിൽ നിന്നും വിട്ടു നിൽക്കുമെന്നും ലീഗ് മെമ്പർമാർ അറിയിച്ചു. കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ലീ​ഗ് എംഎൽഎയായ ഹമീദിനെ ഉൾപ്പെടുത്തിയതിനെ തുടർന്നുണ്ടായ വിവാദം കെട്ടടങ്ങും മുമ്പാണ് നിലമ്പൂരിലെ പ്രശ്നമെന്നും ശ്രദ്ധേയം.

അതേസമയം, മുസ്ലിം ലീ​ഗ് യുഡിഎഫ് മുന്നണി വിടില്ലെന്ന് പ്രസിഡന്റ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഹകരണം സഹകരണ മേഖലയിൽ മാത്രമെന്ന് പികെ ബഷീർ എംഎൽഎ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ലീഗ് യുഡിഎഫിൻ്റെ ഭാഗമായുണ്ടാകും. ലീഗ് യുഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മുന്നണി വിടുമെന്ന പ്രചാരണമുണ്ടാക്കുന്നത് മാധ്യമങ്ങളെന്നും പി കെ ബഷീർ എം എൽ എയും വ്യക്തമാക്കി.

അതിനിടെ, മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കർ നവകേരള സദസിന്‍റെ പ്രഭാത യോഗത്തിൽ പങ്കെടുത്തതും വിവാദമായിരുന്നു. ലീഗ് സംസ്ഥാന കൗൺസിൽ അംഗമാണ് അദ്ദേഹം. നായന്മാർമൂല ലീഗ് യൂണിറ്റ് പ്രസിഡന്‍റാണ് അബൂബക്കർ. കാസർഗോട്ടെ വ്യവസായ പ്രമുഖരിൽ ഒരാളാണ്. മന്ത്രിമാർ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി യോഗത്തിൽ പറഞ്ഞു. നവകേരള സദസ്സിന് അദ്ദേഹം ആശംസകൾ നേര്‍ന്നു. കാസർകോട് മേൽപ്പാലം നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലീഗ് പ്രതിനിധിയായല്ല, നാടിന്‍റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് നവകരേള സദസ്സിലെ പൗര പ്രമുഖരുമായുള്ള പ്രഭാതയോഗത്തില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

Back to top button
error: