ഉടുമ്പൻചോല: ഇടുക്കി ഉടുമ്പൻചോല സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയെ തമിഴ് നാട് ബോഡിനായ്ക്കന്നൂർ പൊലീസ് അറസ്റ്റു ചെയ്തു. ഉടുമ്പൻചോല സ്വദേശി രമേശ് മരിച്ച കേസിലാണ് ഭാര്യ കൃഷ്ണവേണിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യയെന്ന് ഭാര്യ വരുത്തി തീർക്കാൻ ശ്രമിച്ച കേസാണ് ഒടുവിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. തമിഴ്നാട് ബോഡി നയിക്കുന്നൂരിൽ വച്ച് രമേശിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് കൃഷ്ണവേണിയെ അറസ്റ്റ് ചെയ്തത്.
ഉടുമ്പൻചോല സ്വദേശിയായ രമേശും ഭാര്യ കൃഷ്ണ വേണിയും ദീപാവലി ആഘോഷങ്ങൾക്കാണ് ഉടുമ്പൻചോലയിൽ നിന്നും ബോഡി നായ്ക്കന്നൂർ ജീവനഗറിലെ വീട്ടിലേക്ക് പോയത്. ബോഡിനായ്ക്കന്നൂരിലും ഇവർക്ക് വീടും സ്ഥലവുമുണ്ട്. ബുധനാഴ്ച ഭർത്താവ് രമേശ് തുങ്ങിച്ചാകാൻ ശ്രമിച്ചെന്നും താൻ കെട്ടഴിച്ച് താഴെയിട്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും കൃഷ്ണവേണി അയൽക്കാരെ വിളിച്ച് അറിയിച്ചു. തുടർന്ന് അയൽക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ എത്തും മുൻപേ രമേശ് മരിച്ചതായി ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. മൃതദേഹത്തിൽ മർദ്ദനമേറ്റ പരിക്കുകൾ കണ്ടതിനെ തുടർന്ന് മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു,. ഇതോടെ ഭാര്യ കൃഷ്ണവേണിയെ പൊലീസ് ചോദ്യം ചെയ്തു. കുറച്ചു നാളായി ബോഡിനായക്കന്നൂരിലെ സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു.
കൃഷ്ണവേണി പറയുന്ന ആൾക്ക് വേഗത്തിൽ സ്ഥലം കൈമാറണമെന്ന ആവശ്യമാണ് ഇരുവരും തമ്മിലുള്ള തർക്കത്തിന് കാരണം. പതിനഞ്ചാം തീയതി ഉണ്ടായ തർക്കം കയ്യാങ്കളിയിലെത്തി. ഇതിനിടെ നിലത്ത് വീണ രമേശിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കൃഷ്ണവേണി പൊലീസിനോട് പറഞ്ഞത്. കൃഷ്ണവേണിയെ ഉത്തമപാളയം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 19 വർഷം മുമ്പാണ് ഇരുവരും വിവാഹം കഴിച്ചത്. രണ്ടു കുട്ടികളുമുണ്ട്.