KeralaNEWS

കരുവന്നൂരില്‍ മരിച്ചവര്‍ക്കും വായ്പ; അന്വേഷണം കണ്ണനിലേക്കും അയ്യന്തോളിലേക്കും എത്തിയത് ‘കാട’വഴി

തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണക്കേസിന്റെ അന്വേഷണം സി.പി.എം. നേതാവ് എം.കെ. കണ്ണനിലേക്കും കണ്ണന്റെ തൃശ്ശൂര്‍ ബാങ്കിലേക്കും സി.പി.എം. ഭരിക്കുന്ന അയ്യന്തോള്‍ ബാങ്കിലേക്കും എത്തിച്ചത് അനൂപ് ഡേവിസ് കാടയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). തൃശ്ശൂര്‍ കോര്‍പറേഷനിലെ കൗണ്‍സിലറും സി.പി.എം. തൃശ്ശൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ അനൂപിനെ കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഇ.ഡി. പലതവണ ചോദ്യംചെയ്തിരുന്നു. ചോദ്യംചെയ്യലിനുശേഷം ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച 12,000 പേജുള്ള കുറ്റപത്രത്തിലാണ് അനൂപ് ഡേവിസ് കാട വിവരങ്ങള്‍ കിട്ടുന്നതിന് വഴിയൊരുക്കിയെന്ന് പറഞ്ഞിട്ടുള്ളത്.

കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ: തൃശ്ശൂര്‍ കോര്‍പറേഷനിലെ അരണാട്ടുകര ഡിവിഷന്‍ കൗണ്‍സിലറായ അനൂപ്, കള്ളപ്പണക്കേസിലെ മുഖ്യ പ്രതി വെളപ്പായ സതീശന്റെ വലിയ അടുപ്പക്കാരനും കൂട്ടാളിയുമാണ്. അനൂപിനെ സെപ്റ്റംബര്‍ 12-ന് ചോദ്യം ചെയ്തപ്പോഴാണ്, വെളപ്പായ സതീശന് എം.കെ. കണ്ണന്‍ ചെയര്‍മാനായ തൃശ്ശൂര്‍ സഹകരണ ബാങ്കിലും അക്കൗണ്ടുെണ്ടന്നു വെളിപ്പെടുത്തിയത്. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമാണ് എം.കെ. കണ്ണന്‍. വെളപ്പായ സതീശന്‍ നടത്തിയിരുന്ന നോവ പ്ലാസ്റ്റിക് കമ്പനിയുടെ പേരിലാണ് അക്കൗണ്ട് തുറന്നത്. സതീശന്‍ നല്‍കിയ വിവരങ്ങളിലും അന്വേഷണത്തിലും കസ്റ്റഡിയിലെടുത്തുള്ള ചോദ്യംചെയ്യലിലുമൊന്നും ഈ അക്കൗണ്ടിനെപ്പറ്റി വെളിപ്പെടുത്തിയിരുന്നില്ല.

Signature-ad

വെളപ്പായ സതീശന്‍ എം.കെ. കണ്ണന്റെ വളരെ അടുത്ത കൂട്ടാളിയാണ്. സതീശനും അദ്ദേഹത്തിന്റെ ഇടനിലക്കാരും മുന്നോട്ടുവെക്കുന്ന വായ്പാശുപാര്‍ശകളെല്ലാം എം.കെ. കണ്ണന്‍ പാസാക്കും. ഇത്തരത്തില്‍ എം.കെ. കണ്ണന്‍ പാസാക്കിയ വായ്പകളില്‍ മരിച്ചവരുടെ പേരിലുള്ളതുപോലുമുണ്ട്. സി.പി.എം. ഭരിക്കുന്ന അയ്യന്തോള്‍ സഹകരണബാങ്കിലും വെളപ്പായ സതീശന് അക്കൗണ്ടുകളുണ്ടെന്ന് വെളിപ്പെടുത്തിയത് അനൂപാണ്. സതീശന് ഈ ബാങ്കില്‍ 13,585-ാം നന്പറില്‍ സേവിങ്‌സ് അക്കൗണ്ടുണ്ട്. ഇ. ജയരാജനുമായി ചേര്‍ന്ന് 13584 നമ്പറില്‍ ജോയിന്റ് അക്കൗണ്ടും തുറന്നു. ഇക്കാര്യമൊന്നും ഇതേവരെ സതീശന്‍ വെളിപ്പെടുത്താത്തതാണ്.

സി.പി.എം. ഭരിക്കുന്ന ഈ ബാങ്കുകളെല്ലാം അന്വേഷണത്തില്‍ ഇതേവരെ നല്‍കിയ വിവരങ്ങളെല്ലാം അപൂര്‍ണവും മറച്ചുവെച്ചിട്ടുള്ളതുമാണെന്നാണ് ഇതില്‍നിന്നെല്ലാം മനസ്സിലാക്കേണ്ടത്. അതിനാല്‍ എല്ലാ വിവരങ്ങളും കിട്ടുന്നതിന് ഈ രണ്ടു ബാങ്കുകളിലും വിശദമായ അന്വേഷണം അനിവാര്യമാണ്- ഇ.ഡി. റിപ്പോര്‍ട്ടില്‍ പറയുന്നു.

Back to top button
error: