KeralaNEWS

റോബിന്‍ ബസ് രണ്ടാം ദിവസവും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു;  അരമണിക്കൂര്‍ മുൻപേ കെഎസ്ആർടിസി ബസും

പത്തനംതിട്ട: റോബിൻ ബസിനെ വെട്ടാൻ ഇറക്കിയ കെഎസ്ആർടിസി പ്രത്യേക കോയമ്പത്തൂർ സർവീസ് ആരംഭിച്ചു. എസി ലോ ഫ്ലോർ ബസ് ആണ് റോബിന്റെ അതേ റൂട്ടിൽ അരമണിക്കൂർ മുൻപേ പത്തനംതിട്ടയിൽ നിന്നും പുതിയ സർവീസ് തുടങ്ങിയത്.
അതേസമയം റോബിൻ ബസിന്റെ രണ്ടാം ദിവസത്തെ സർവീസ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു.രാവിലെ 5:05 നാണ് പത്തനംതിട്ടയിൽ നിന്നും ബസ് പുറപ്പെട്ടത്.
ഇന്നലെ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട റോബിൻ ബസിന് 70410 രൂപ പിഴ  തമിഴ്നാട് മോട്ടോർ വാഹനവകുപ്പ്.ഈടാക്കിയിരുന്നു.മധുക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കെജി ചാവടി ചെക്ക് പോസ്റ്റില്‍ വച്ച്‌ എം വി ഡി എം ജയപ്രകാശാണ് പിഴ ചുമത്തിയത്.
 ഏഴു ദിവസത്തേക്കാണ് ഇത്രയും പിഴ ഈടാക്കിയത്. സർവീസ് തുടർന്നാൽ വീണ്ടും പിഴ അടയ്‌ക്കേണ്ടി വരും. ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടിച്ചത് പെര്‍മിറ്റ് ലംഘനമാണെന്ന് എംവിഡിയുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

40 യാത്രക്കാര്‍ക്ക് 800 രൂപ വച്ച്‌ 32000 രൂപയും, പിഴയായി 32000 രൂപയും, കോംപൗണ്ടിങ് ഫീസായി 5000 രൂപയും, ഗ്രീൻ ടാക്‌സായി 750 രൂപയും അടക്കമാണ് 70,410 രൂപ പിഴ ചുമത്തിയിരിക്കുന്നത്. വൈകിട്ട് 5.56 നാണ് വാഹനം പിടിച്ചത്.

ബസ് പിടിച്ചെടുക്കാൻ പാടില്ലെന്ന കോടതി ഉത്തരവ് ഉള്ളതുകൊണ്ട് ബസ് വിട്ടു നൽകി.രാവിലെ പത്തനംതിട്ടയിൽ കേരള മോട്ടോർ വാഹന വകുപ്പ് ഇതേ ബസിന് 7500 രൂപ പിഴ ഈടാക്കിയിരുന്നു.
പത്തനംതിട്ടയ്ക്ക് പുറമേ മൂന്നിടങ്ങളില്‍ കൂടി മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞ്  പിഴ ചുമത്തിയിരുന്നു. വാഹനം വാളയാര്‍ കടക്കുമ്ബോള്‍ കേരള എംവിഡി  ചുമത്തിയ പിഴത്തുക 37,500 രൂപ രൂപയാണ്.ഇതിന് പിന്നാലെയാണ് 70410 രൂപ തമിഴ്‌നാട്ടിലും ഈടാക്കിയത്.
ഇതിന് മുൻപ് രണ്ടു തവണ സർവീസ് ആരംഭിച്ചപ്പോഴും റോബിൻ ബസ് കേരളത്തിൽ എംവിഡി പിടിച്ചെടുത്തിരുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് പിന്നീട് ബസ് വിട്ടു നൽകിയത്.
അതേസമയം പത്തനംതിട്ടയിൽ നിന്നും  എരുമേലി വഴി കോയമ്പത്തൂരിന് ഇന്ന് മുതൽ KSRTC VOLVO AC സർവ്വീസ്  ആരംഭിച്ചു.
പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30നാണ് സർവ്വീസ്.
തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് പത്തനംതിട്ടയിലേക്ക് പുറപ്പെടും.
റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട , തൊടുപുഴ , മൂവാറ്റുപുഴ , അങ്കമാലി , തൃശ്ശൂർ , വടക്കാഞ്ചേരി , പാലക്കാട് വഴിയാണ് സർവ്വീസ്.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിച്ച് നടത്തുന്ന സ്വകാര്യ ബസ് സർവീസിനെതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇതു പരിഗണിക്കുമ്പോൾ കെഎസ്ആർടിസിക്ക് ഈ റൂട്ടിൽ സർവീസ് ഇല്ലെന്ന വാദം ഉണ്ടാകാതിരിക്കാനാണ് പുതിയ സർവീസ് എന്നാണ് വിവരം.

Back to top button
error: