IndiaNEWS

നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ചാരക്കണ്ണുകൾ തുറന്നു വച്ച് അവർ കാത്തിരിക്കുന്നുണ്ടാവും, മുഹമ്മദ് ഷമിയൂടെ ചെറിയൊരു പിഴവിന് വേണ്ടി

പി ജി പ്രേം ലാൽ എഴുതുന്നു:
ഞായറാഴ്ച ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ ദിനത്തിൽ ഇന്ത്യൻ ടീമിലെ 10 കളിക്കാർക്ക് മൈതാനത്തിൽ ഓസ്ട്രേലിയ അല്ലെങ്കിൽ ദക്ഷിണാഫ്രിക്ക എന്ന ഏതെങ്കിലുമൊരു എതിരാളിയെ അഭിമുഖീകരിച്ചാൽ മതിയാകും.
 എന്നാൽ മുഹമ്മദ് ഷാമി എന്ന പതിനൊന്നാമത്തെ കളിക്കാരന് മാത്രം, മറ്റൊരു എതിരാളിക്കൂട്ടം കൂടിയുണ്ടാകും. കാരണം
ഫൈനൽ നടക്കുന്നത് ഗുജറാത്തിലെ അഹമ്മദാബാദിൽ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ്!
മതവെറി ബാധിച്ച ഒരു കൂട്ടം  അവിടെ  ഗാലറിയിൽ കാത്തിരിപ്പുണ്ടാകും.
ഏതാനും മാസങ്ങൾക്കു മുമ്പ് അതേ സ്റ്റേഡിയത്തിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് കളിച്ചപ്പോൾ  ‘ജയ് ശ്രീറാം’ വിളിച്ചാണ് മുഹമ്മദ് ഷാമിയെ മാനസികമായി തകർക്കാനും ഒറ്റുകാരനെന്ന് മുദ്ര കുത്താനും ഇവർ ശ്രമിച്ചത്. ഓർമ്മയില്ലേ, അതിനും രണ്ടു വർഷം മുമ്പ് ട്വന്റി ട്വന്റിയിൽ ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെട്ടപ്പോളാണ് പണം വാങ്ങി ഇന്ത്യയെ ഒറ്റിയ മുസ്ലീമായാണ്  മുഹമ്മദ് ഷാമിയെ ചാപ്പയടിക്കാൻ ശ്രമിച്ചത്. രാജ്യത്തെ വഞ്ചിക്കുന്നതിനേക്കാൾ മരണമാണ് താൻ തിരഞ്ഞെടുക്കുക എന്ന് കണ്ണുനിറഞ്ഞു പറയേണ്ട ഗതികേടിൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ചൊരു ബൗളറെ കൊണ്ടുചെന്നു തള്ളി, നെറികെട്ട കുറേ മനുഷ്യജന്മങ്ങൾ !
അന്ന്, താനും തന്റെ ടീമും 200 % മുഹമ്മദ്  ഷാമിയെ പിന്തുണയ്ക്കുന്നുവെന്ന് നട്ടെല്ലുള്ള നിലപാടു പ്രഖ്യാപിച്ച ക്യാപ്റ്റൻ വിരാട് കോലിയുടെ കൊച്ചുകുഞ്ഞിനു നേരെ ബലാത്സംഗഭീഷണി പോലും ഉയർത്തിയ പരനാറികളെയും രാജ്യം കണ്ടു !
ഈ ഞായറാഴ്ച അതേ പരിഷകൾ അഹമ്മദാബാദിലെ സ്റ്റേഡിയത്തിന്റെ ഗാലറിയിലുണ്ടാകും. ലോകത്തിന്റെ മുമ്പിൽ  സഹിഷ്ണുതയ്ക്കും പരസ്പരബഹുമാനത്തിനും മാതൃകയായി രാജ്യത്തിന്റെ അഭിമാനമുയർത്തേണ്ട വേദിയിൽ പാക്കിസ്ഥാൻ കളിക്കാർക്കു നേരെ അക്രമോത്സുകമായി ‘ജയ് ശ്രീറാം’ വിളിച്ചലറി നാടിനു മാനക്കേടുണ്ടാക്കിയ  വർഗ്ഗം രാജ്യത്തിന്റെ അഭിമാനമായ മുഹമ്മദ് ഷാമിയെ വീണ്ടും ഒറ്റുകാരനെന്നു മുദ്ര കുത്താൻ അയാളുടെ ചെറിയൊരു പിഴവിനു വേണ്ടിപോലും കണ്ണുകൾ തുറന്നുവെയ്ക്കുമെന്നുറപ്പ്. കാരണം അയാൾ ഒരു ഇസ്ലാമാണ് !
അപരമതവിദ്വേഷം നയപരിപാടി തന്നെയാക്കിയ ഒരു നെറികെട്ട ഭരണവർഗ്ഗം ഈ മഹാരാജ്യത്തിന്റെ ചിന്താഭൂമികകളിൽപ്പോലും വിതറിയ വിഷവിത്തുകളുടെ വിളവെടുപ്പ് കളിമൈതാനങ്ങളിൽ പോലും അട്ടഹാസങ്ങളായും ആക്രോശങ്ങളായും നിറയുകയാണ്. അതിന്റെ നിർദ്ദയമായ ഇരയാക്കാൻ അവർ മുഹമ്മദ് ഷാമിയെ ഉറ്റുനോക്കിക്കൊണ്ടിരിക്കും, അയാളുടെയൊരു പിഴവിനായി കാത്തുകാത്തിരിക്കും; സ്റ്റേഡിയത്തിലെയും നവമാദ്ധ്യമവിളയാട്ടുവേദികളിലെയും ഗാലറികളിൽ !
അതുകൊണ്ടുതന്നെ, വർഗ്ഗീയവാദികളല്ലാത്ത , തലയിൽ മതസ്പർദ്ദയുടെ അമേദ്യം അടിഞ്ഞുകൂടാത്ത ഇന്ത്യക്കാരുടെ പിന്തുണ ഞായാഴ്ച മുഹമ്മദ് ഷാമിക്ക് കൈയടികളായി നിറയട്ടെ! ഈ ലോകകപ്പിൽ , വീണ്ടുമൊരിക്കൽ കൂടി രാജ്യത്തിന്റെ അഭിമാനമുയർത്താൻ .. രക്ഷകനാകാൻ … ഷാമിക്ക് കഴിയട്ടെ!
മുഹമ്മദ് ഷാമി ഹീറോയല്ല, സൂപ്പർഹീറോയാണെന്ന് ചരിത്രത്താളുകളിൽ വായിക്കാൻ അനന്തരതലമുറകളേ… കാത്തിരിക്കൂ !
രാജ്യദ്രോഹിയാക്കാന്‍ കാത്തിരുന്നവരെ സാക്ഷിയാക്കി കഴിഞ്ഞ മത്സരത്തിൽ പിഴുതെറിഞ്ഞ ഏഴ് വിക്കറ്റുകൾ…! അതെ, അവന്റെ പേര് പോലും ഹിന്ദുത്വവാദികള്‍ക്ക് അലര്‍ജിയാണ്…!!
(സോഷ്യൽ മീഡിയ)

Back to top button
error: