NEWSWorld

സുവെല്ല ബ്രാവര്‍മാന്‍ മന്ത്രി സ്ഥാനത്തുനിന്ന് രണ്ടാം തവണയും പുറത്തായത് എങ്ങനെ?

ലണ്ടന്‍: ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രാവര്‍മാനെ പ്രധാനമന്ത്രി ഋഷി സുനക് പുറത്താക്കി. ഒരു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് സുവെല്ല പുറത്താകുന്നത്. ആഭ്യന്തരമന്ത്രിയുടെ അധികാരം ദുര്‍ബലപ്പെടുത്തുകയും ലണ്ടന്‍ പോലീസില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കുകയും ചെയ്യുന്ന ആരോപണങ്ങള്‍ പൊതു മധ്യത്തില്‍ ഉന്നയിച്ചതാണ് പുറത്താക്കലിന് കാരണം.

ഇസ്രായേല്‍ ഹമാസ് യുദ്ധം ആരംഭിച്ച ശേഷം പലസ്തീന്‍ അനുഭാവികള്‍ ലണ്ടന്‍ തെരുവുകളില്‍ നടത്തിയ പ്രകടനങ്ങളോട് ലണ്ടന്‍ പോലീസ് അയവു കാണിച്ചെന്നും ഈ പ്രകടനക്കാരോട് പോലീസിന് ദയ കൂടുതലാണ് എന്നും സുവെല്ല തന്റെ ഒരു ലേഖനത്തില്‍ തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുവെല്ലയുടെ പുറത്താക്കല്‍.

Signature-ad

യുദ്ധത്തില്‍ ഇരുകൂട്ടര്‍ക്കിടയിലും തെറ്റുണ്ടെന്ന് സുവല്ല സമ്മതിക്കുന്നുവെങ്കിലും പത്രത്തില്‍ വന്ന ലേഖനം ലണ്ടന്‍ പോലീസിലുള്ള വിശ്വാസം ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു. വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് മൂന്ന് ലക്ഷത്തോളം പേര്‍ പങ്കെടുത്തു നടത്തിയ പാലസ്തീന്‍ റാലിയ്ക്ക് തൊട്ട് മുന്‍പാണ് ഈ ലേഖനം പുറത്ത് വന്നത്.

കുടിയേറ്റ നയം നടപ്പിലാക്കാന്‍ യുകെ ഗവണ്‍മെന്റ് നേരിടുന്ന വെല്ലുവിളികളും അഭയാര്‍ഥികളെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള ഗവണ്‍മെന്റിന്റെ പദ്ധതിയില്‍ ഗവണ്മെന്റിന് സുപ്രീം കോടതിയുടെ പിന്തുണ ലഭിക്കില്ല എന്ന തോന്നലും പുറത്താക്കലില്‍ ഒരു പങ്ക് വഹിച്ചിരിക്കാം.

പ്രധാനമന്ത്രിയുടെ അധികാരത്തെ ഇത് ആദ്യമായല്ല സുവല്ല ചോദ്യം ചെയ്യുന്നത്. ലിസ് ട്രസിനു കീഴില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 2022 ഒക്ടോബറില്‍ തന്റെ മെയിലില്‍ നിന്നും ഒരു എംപിയുടെ മെയിലിലേക്ക് ഒരു രഹസ്യ ഡോക്യുമെന്റ് കൈ മാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് സുവെല്ലയെ മുമ്പ് പുറത്താക്കിയിരുന്നു. ട്രസ് രാജി വച്ചു ഋഷി സുനക് പ്രധാന മന്ത്രി ആയ ശേഷം സുവെല്ല വീണ്ടും ആഭ്യന്തരമന്ത്രി സ്ഥാനത്ത് എത്തുകയായിരുന്നു.

ഇന്ത്യന്‍ വേരുകളുള്ള സുവെല്ല, ക്രിസ്റ്റീ ഫെര്‍ണാണ്ടസിന്റെയും ഉമാ ഫെര്‍ണാണ്ടസിന്റെയും മകളാണ്.1960 കളിലാണ് ഇവര്‍ യുകെയിലേക്ക് കുടിയേറിയത്. സുവെല്ലയുടെ അമ്മ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗം ആയി പാര്‍ലമെന്റിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയും പിന്നീട് ഒരു കൗണ്‍സിലര്‍ ആവുകയും ചെയ്തിരുന്നു. കേംബ്രിഡ്ജിലെ ക്വീന്‍സ് കോളേജില്‍ നിന്നുമാണ് സുവെല്ല നിയമത്തില്‍ ബിരുദം എടുത്തത്. കോളേജിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രസിഡന്റായും സുവെല്ല പ്രവര്‍ത്തിച്ചിരുന്നു.

ഫെര്‍ഹാമില്‍ നിന്നും വിജയിച്ച് ഡേവിഡ് കാമറോണിന്റെ കാലത്താണ് സുവെല്ല സഭയില്‍ എത്തുന്നത്. മെഴ്സിഡസ് ബെന്‍സിന്റെ മാനേജര്‍ റയല്‍ ബ്രാവര്‍മന്‍ ആണ് ഭര്‍ത്താവ്. ‘ ഒരു അഭിമാനിയായ ജൂതനും സയണിസ്റ്റും ‘ എന്നാണ് സുവല്ല തന്റെ ഭര്‍ത്താവിനെ വിശേഷിപ്പിക്കുന്നത്. ഒരു രാഷ്ട്രീയക്കാരി എന്ന നിലയില്‍ അനധികൃത കുടിയേറ്റം തടയുക എന്നതായിരുന്നു സുവെല്ലയുടെ പ്രധാന ലക്ഷ്യം.

 

Back to top button
error: