നവംബര്‍ 15 ന് ന്യൂസിലാന്റുമായാണ് ഇന്ത്യയുടെ സെമി. പിറ്റേ ദിവസം ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ രണ്ടാം സെമിയില്‍ നേരിടും. മുംബൈയിലാണ് ഇന്ത്യ-കിവീസ് പോരാട്ടം നടക്കുന്നത്. ആവേശകരമായ പോരാട്ടം പ്രതീക്ഷിക്കുന്ന ആരാധകര്‍ക്ക് മഴയുടെ ആശങ്കയും ഉണ്ട്. കാലാവസ്ഥ പ്രതികൂലമായാല്‍ സെമി ഫൈനല്‍ പോരാട്ടത്തെ വിപരീതമായി ബാധിക്കുമെന്നുറപ്പാണ്.
സെമിഫൈനല്‍ പോരാട്ടത്തിന് കാലാവസ്ഥ അനുകൂലമാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ അഥവാ മഴ കളി അപഹരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. സെമിഫൈനലില്‍ മഴ പെയ്യുന്ന സാഹചര്യമുണ്ടായാല്‍ 2019 ലോകകപ്പില്‍ സംഭവിച്ചത് പോലെ റിസര്‍വ് ദിനത്തില്‍ കളി പൂര്‍ത്തിയാക്കാന്‍ ടീമുകള്‍ക്ക് അവസരം ലഭിക്കും.
എന്നിരുന്നാലും, റിസര്‍വ് ദിനത്തിലും മഴ തടസപ്പെടുത്തിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ കൂടുതല്‍ പോയന്റ് നേടിയ ടീം ഫൈനലിലേക്ക് കടക്കും. അങ്ങനെ വന്നാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ടീം ഇന്ത്യ ഫൈനലിലേക്ക് കടക്കും. ദക്ഷിണാഫ്രിക്ക – ഓസ്‌ട്രേലിയ സെമി ഫൈനലിനും ഇതേ അവസ്ഥയായിരിക്കും. മഴ പെയ്താല്‍ റിസര്‍വ് ദിനത്തിലേക്ക് കളി മാറ്റി വെക്കും.
റിസര്‍വ് ദിനത്തിലും മഴ പെയ്താല്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് മുന്നേറും. 2019 ലെ സെമിഫൈനലില്‍ ഇന്ത്യ ന്യൂസിലാന്റിനോട് പരാജയപ്പെട്ടാണ് പുറത്ത് പോയത്. ഇത്തവണ അതിന് കണക്ക് തീര്‍ക്കാനാണ് ഇന്ത്യ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പിലേയും റണ്ണേഴ്‌സ് അപ്പുകളാണ് ന്യൂസിലാന്റ് ടീം.
ഇതുവരെ ഇന്ത്യയുടെ ന്യൂസിലാന്റും 116 തവണ ഏകദിനത്തില്‍ ഏറ്റുമുട്ടിയിട്ടുണ്ട്.58 എണ്ണത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ന്യൂസിലന്‍ഡ് 50 മത്സരങ്ങളില്‍ വിജയിച്ചു.
അതേസമയം ലോകകപ്പ് സെമിയില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്ബോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്.ലീഗ് ഘട്ടത്തില്‍ ഒമ്ബതില്‍ ഒമ്ബതും ജയിച്ചെത്തുന്ന ടീം ഇന്ത്യയില്‍ നിന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. എതിരാളികള്‍ എന്നും കണ്ണിലെ കരടായ ന്യൂസിലന്‍ഡാണെന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും നിലവിലെ ഫോമില്‍ കിവീസിനെ ചിറകുവിരിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിക്കില്ലെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഈ ലോകകപ്പിലെ അഞ്ചാം മത്സരത്തിനാണ് മുംബൈ വാംഖഡെ സ്റ്റേഡിയം നാളെ വേദിയാവുന്നത്. ഇതുവരെ നടന്ന നാലു കളികളില്‍ മൂന്നിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരായിരുന്നു. ഒരു തവണ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചത്. അതിനാല്‍ നാളത്തെ സെമിയില്‍ ടോസ് നിര്‍ണായകമാകുമെന്നുറപ്പ്.