KeralaNEWS

കര്‍ഷക ആത്മഹത്യ; മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

ആലപ്പുഴ: തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അമ്ബലപ്പുഴ തിരുവല്ല സംസ്ഥാന പാതയിലാണ് റോഡ് ഉപരോധിച്ചത്.

കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച നെല്‍ കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെജി പ്രസാദ് (55) ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ഭാരതീയ കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ് പ്രസാദ്.

 കൃഷിയില്‍ പരാജയപ്പെട്ടുവെന്ന് സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ഇദ്ദേഹം വിഷം കഴിച്ചത്. തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ മരിച്ചു.

തിരുവല്ല താലൂക്ക് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹവുമായുള്ള ആംബുലന്‍സ് തകഴി ക്ഷേത്രം ജങ്ഷനില്‍ എത്തിച്ചത്.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ആംബുലന്‍സ് റോഡിന് കുറുകെയിട്ടായികുന്നു പ്രതിഷേധം. ആലപ്പുഴയില്‍ ആറുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കര്‍ഷക ആത്മഹത്യയാണ് ഇതെന്നും സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

Back to top button
error: