
കൊച്ചി: ഗർഭിണയായ മകള്‍ക്ക് അടിയന്തര സഹായവും പരിചരണവും ആവശ്യമാണെന്ന് കണക്കിലെടുത്ത് കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ കഴിയുന്ന സ്ത്രീയെ വിട്ടയക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. 19 തട്ടിപ്പുകേസുകളിലെ പ്രതി പള്ളുരുത്തി സ്വദേശിനി പൂമ്പാറ്റ സിനിയെന്ന ശ്രീജയെയാണ് (48) ആറു മാസത്തെ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാകാന്‍ ഒരു മാസം ശേഷിക്കെ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ക്രിമിനല്‍ വിശ്വാസവഞ്ചന, വഞ്ചന എന്നിവ പ്രകാരം 19 ക്രിമിനല്‍ കേസുകള്‍ ചുമത്തിയ സ്ത്രീയെ ആണ് കോടതി വിട്ടയക്കാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 15ന് കരുതല്‍ തടവ് അവസാനിക്കിരിക്കുന്ന സാഹചര്യത്തിലാണ് നവംബര്‍ 14ന് വിട്ടയക്കാന്‍ കോടതി തീരുമാനിച്ചത്.
തീരുമാനം ഏതെങ്കിലും പ്രത്യേക നിയമത്തെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കോടതി പറഞ്ഞു. അസാധാരണമായ സാഹചര്യങ്ങളില്‍, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം തടവില്‍ കഴിയുന്ന പ്രതികളെ വിട്ടയക്കാന്‍ ഉത്തരവിടാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.