തിരുവനന്തപുരം: കഴക്കൂട്ടം ദേശീയ പാത ബൈപാസില്‍ ഇന്‍ഫോസിസിന് സമീപം റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. വാട്ടര്‍ അതോറിറ്റിയുടെ സ്വിവറേജ് പൈപ്പിടാനായി ഡ്രില്‍ ചെയ്തപ്പോള്‍ ഉണ്ടായ പ്രഷര്‍ ആണ് അഗാധമായ ഗര്‍ത്തം റോഡില്‍ രൂപപ്പെടാന്‍ കാരണമായതായി വാട്ടര്‍ അതോറിറ്റിയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ആദ്യം ചെറിയ രീതിയില്‍ രൂപപ്പെട്ട കുഴി രാത്രിയോടെ വന്‍ ഗര്‍ത്തമായി രൂപപ്പെടുകയായിരുന്നു. പോലീസിന്റെ സംയോജിത ഇടപെടലില്‍ വന്‍ അപകടമാണ് ഒഴിവായത്. തുടക്കത്തില്‍ വാഹനഗതാഗതം രൂക്ഷമാകുകയും തുടര്‍ന്ന് പോലീസും വാട്ടര്‍ അതോറിറ്റി ജീവനക്കാരുമെത്തി ഗതാഗതം ഏറെക്കുറെ സുഗമമാക്കുകയുമായിരുന്നു.
സംഭവം അറിഞ്ഞ് നാഷ്ണല്‍ ഹൈവേയുടെയും വാട്ടര്‍ അതോറിറ്റിയുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് തന്നെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. കഴക്കൂട്ടത്തുനിന്ന് കുഴിവിളയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് പോകുന്ന സുവിജ് പൈപ്പ് ലൈന്‍ ബൈപാസിന് കുറുകെയാണ് പോകുന്നത്.
ബൈപാസ് വെട്ടിപൊളിക്കാന്‍ ദേശീയപാത അധികൃതര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് രണ്ടുദിവസമായി ഈ ഭാഗത്ത് റോഡിനടിയിലൂടെ യന്ത്രം ഉപയോഗിച്ച് പൈപ്പ് കടന്നുപോകാനുള്ള കുഴി തെളിക്കുന്ന ജോലി നടന്നിരുന്നു. കുഴിച്ച ഭാഗത്തെ റോഡിന്റെ ഒരു ഭാഗം ആണ് ഇന്നലെ സന്ധ്യയോടെ കിണറിന്റെ വലിപ്പത്തില്‍ ഇടിഞ്ഞുതാഴ്ന്നത്.