ചെടികളും വള്ളികളുംകൊണ്ട് അലങ്കരിച്ച ‘താമരാക്ഷൻ പിള്ള’ ബസില്‍ കല്യാണത്തിന് പോകുന്ന പുതുമണവാളനെ കാണുമ്ബോള്‍ത്തന്നെ ചിരിയുടെ പൂത്തിരികള്‍ കത്തിത്തുടങ്ങും.. ‘ചെപ്പ് കിലുക്കണ ചങ്ങാതി’ എന്ന സിനിമയിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ ഹനീഫ് അപ്രതീക്ഷിതമായ നേരത്ത് ഈ ലോകത്തു നിന്ന് വിടപറയുമ്ബോഴും പ്രേക്ഷകരുടെ കാതില്‍ ആ ചിരിച്ചെപ്പിലെ അലകള്‍ ബാക്കിയുണ്ടാകും.
കൊച്ചു കൊച്ചു വേഷങ്ങളിലൂടെ മലയാളത്തില്‍ ചിരിച്ചെപ്പ് തുറന്നിട്ട കലാകാരനായിരുന്നു ഹനീഫ്. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ കയറ്റങ്ങള്‍ കുറവും ഇറക്കങ്ങള്‍ കൂടുതലുമായ ഒരാള്‍. ‘സന്ദേശ’ത്തിലെ ഐ.എൻ.എസ്.പി. പ്രവര്‍ത്തകനും ‘പറക്കും തളിക’യിലെ മണവാളനും ‘പാണ്ടിപ്പട’യിലെ ചിമ്ബുവും ‘ഛോട്ടാമുംബൈ’യിലെ ബ്രോക്കറുമൊക്കെയായി തിളങ്ങിയ ആ കലാജീവിതത്തിലെ മറ്റൊരു പ്രധാനവേഷമായിരുന്നു ‘2018’ എന്ന സിനിമയിലെ ഡാം ഓപ്പറേറ്ററായ കരുണൻ. അടുത്തിടെ ഇറങ്ങിയ ‘ഗരുഡനി’ലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്. കിട്ടിയ വേഷം എത്ര ചെറുതായാലും അത് പരമാവധി നന്നായി ചെയ്യുക എന്ന ലളിതമായ ചിന്തയായിരുന്നു ഹനീഫ് എന്ന കലാകാരന്റെ വിജയമുദ്ര.
കൊച്ചിയില്‍ ജനിച്ച് മിമിക്രിയിലൂടെ സിനിമയിലെത്തിയ ഹനീഫ് സ്വയം അറിഞ്ഞ് തന്റെ വഴി കണ്ടെത്തിയ മനുഷ്യനായിരുന്നു. ”എന്റെ കൈയില്‍ ആകെയുള്ളത് അഭിനയം മാത്രമാണ്.സിനിമയ്ക്ക് എന്നെ വേണമെന്ന് ഒരു നിര്‍ബന്ധവുമുണ്ടാകില്ല. പക്ഷേ എനിക്ക് സിനിമ ആവശ്യമുണ്ട്, എന്റെ ജീവിതം തന്നെയാണത്.” ഒരിക്കല്‍ ഹനീഫ് പറഞ്ഞ വാക്കുകളില്‍ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളുടെ കൃത്യമായ ചിത്രമുണ്ടായിരുന്നു. കുട്ടിക്കാലം മുതലേ ഒരുപാട് സിനിമകള്‍ കണ്ടു നടന്നിരുന്ന ഹനീഫ് കലാഭവനിലെത്തുന്നതും അത്തരമൊരു നിയോഗം തന്നെയായിരുന്നു. അയല്‍വാസിയും മിമിക്രിക്കാരനുമായിരുന്ന സൈനുദ്ദീനുമൊത്ത് കുറേ സ്റ്റേജ് പരിപാടികള്‍ ചെയ്തിരുന്ന ഹനീഫിന് ആ സൗഹൃദമാണ് കലാഭവനിലേക്കുള്ള വാതിലും തുറന്നുകൊടുത്തത്. കലാഭവന്റെ ഗാനമേളയുടെ ഇടവേളയില്‍ അശോകനുമൊത്ത് മിമിക്രി അവതരിപ്പിച്ച് തുടങ്ങിയ ഹനീഫിന് വൈകാതെ തന്നെ കലാഭവന്റെ മിമിക്സ് പരേഡ് ടീമിലേക്ക് പ്രൊമോഷൻ കിട്ടി.
മിമിക്രിയുടെയും സിനിമയുടെയും ഇടയിലെ ജീവിതത്തിലും ഒരുപാട് വേഷങ്ങള്‍ അണിഞ്ഞ ഒരാളായിരുന്നു ഹനീഫ്. പോസ്റ്റ് ഓഫീസില്‍ താത്കാലിക ജീവനക്കാരനായും പാഴ്സല്‍ സര്‍വീസ് കമ്ബനിയില്‍ ബുക്കിങ് ക്ലാര്‍ക്കായും ഹാര്‍ഡ്വേര്‍ കമ്ബനിയില്‍ പണിക്കാരനായുമൊക്കെ നിന്ന ഹനീഫ് ഇതിനിടയില്‍ സ്വന്തമായി ഒരു പലചരക്ക് കടയും നടത്തിയിരുന്നു.
സിനിമയില്‍ കോമഡി കഥാപാത്രങ്ങളുടെ ചിരിച്ചെപ്പ് തുറന്നിടുമ്ബോഴും മുഖത്ത് നിഴലിച്ചിരുന്ന സങ്കടം ഹനീഫിന്റെ ജീവിതത്തിന്റെ അടയാളമായിരുന്നു. ”ഞാൻ ആരോടും ഒന്നും ആവശ്യപ്പെടാറില്ല. സങ്കടം ഏറെയുണ്ടെങ്കിലും കിട്ടുന്നതുകൊണ്ട് തൃപ്തനാകാനാണ് എനിക്കിഷ്ടം. സിനിമയില്‍ വന്നിട്ട് ജീവിതം പച്ചപിടിക്കാതെ പോയ എത്രയോ പേരുണ്ടാകും.” ഹനീഫ് ഒരിക്കല്‍ പറഞ്ഞ വാക്കുകളില്‍ അദ്ദേഹത്തിന്റെ മനസ്സ് തെളിഞ്ഞിരുന്നു.