കോട്ടയം: ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന്റെ ഉദ്ഘാടനം 17ന് വൈകിട്ട് അഞ്ചിന് നടക്കും. കുമരകം സാംസ്കാരിക നിലയത്തിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. കേരളോത്സവത്തിന്റെ പ്രചാരണത്തിനായി ഗ്രാമപഞ്ചായത്തിൽ നിന്ന് സാംസ്കാരിക നിലയത്തിലേക്ക് സംഘടിപ്പിക്കുന്ന ഘോഷയാത്ര മന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും.
ചടങ്ങിൽ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭാധ്യക്ഷന്മാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കും. 11 ബ്ലോക്ക് പഞ്ചായത്തിലെയും ആറു നഗരസഭകളിലെയും പ്രാഥമികമത്സരങ്ങൾക്ക് ശേഷമാണ് ജില്ലാതല മത്സരങ്ങൾ. കലാമത്സരങ്ങൾ നവംബർ 18നും 19നും കുമരകത്തും കായികമത്സരങ്ങൾ നവംബർ 25നും 26നും കോട്ടയത്തും നടക്കും. 65 കലാ ഇനങ്ങളിലും 35 കായിക ഇനങ്ങളിലുമാണ് മത്സരം. ജില്ലാതല മത്സരവിജയികൾക്ക് സംസ്ഥാനതല കേരളോത്സവത്തിൽ പങ്കെടുക്കാം.