KeralaNEWS

പൊന്നരിവാളമ്പിയില്‍ കണ്ണെറിയുന്നോ… സി.പി.എം. അനൂകൂല ട്രസ്റ്റ് വേദിയിലേക്ക് കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍: സി.പി.എം. അനൂകൂല എം.വി.ആര്‍.ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം.വി.രാഘവന്‍ അനുസ്മരണ പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്നത് ചര്‍ച്ചയാകുന്നു. സി.പി.എം.നേതാക്കള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയിലേക്കാണ് കുഞ്ഞാലിക്കുട്ടിയെത്തുക. കേരള നിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുക.

അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി വി.എന്‍.വാസവനാണ്. കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റ് യു.ഡി.എഫ്. നേതാക്കളെയാരെയും ക്ഷണിച്ചിട്ടില്ല. സി.പി.എം. നേതാക്കളായ പാട്യം രാജന്‍, എം.വി.ജയരാജന്‍, എം.കെ.കണ്ണന്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്ന പ്രമുഖര്‍. കോണ്‍ഗ്രസിന്റെ സഹകരണ ജനാധിപത്യവേദി ചെയര്‍മാനായ കരകുളം കൃഷ്ണപിള്ളയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ കാര്യമായ പദവികളൊന്നുമില്ല.

Signature-ad

യു.ഡി.എഫില്‍നിന്ന് കുഞ്ഞാലിക്കുട്ടിയെ മാത്രം ക്ഷണിച്ചതിനെക്കുറിച്ച് കഴിഞ്ഞ ദിവസം സംഘാടകര്‍ നടത്തിയ പത്രസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നിരുന്നു. രാഘവനുമായി അടുപ്പമുള്ളതിനാലാണ് കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചതെന്നായിരുന്നു സംഘാടകരുടെ മറുപടി. എന്നാല്‍ ഏറ്റവും അടുപ്പമുള്ള കെ.സുധാകരനെ ക്ഷണിക്കാതിരുന്നതെന്താണെന്ന ചോദ്യമുയര്‍ന്നപ്പോള്‍ കൃത്യമായ മറുപടിയില്ലായിരുന്നു.

സി.പി.എം. 11-ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് ചര്‍ച്ചയായിരുന്നു. ലീഗ് ആ ക്ഷണം നിരസിച്ചു. ഇതിന്റെ അലയൊലികള്‍ നിലയ്ക്കും മുമ്പാണ് സി.പി.എം. അനൂകൂല വേദിയിലേക്ക് കുഞ്ഞാലിക്കുട്ടിയെത്തുന്നത്.
സി.എം.പി. മുന്‍ നേതാവ് ചൂര്യയി ചന്ദ്രന്റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കില്ല.

 

 

 

Back to top button
error: