കഴിഞ്ഞ മാസം അവസാനമാണ് റിലയൻസ് മേധാവി മുകേഷ് അംബാനിക്ക് വധഭീഷണി ലഭിക്കുന്നത്. അതും നാല് ദിവസങ്ങൾക്കുള്ളിൽ മൂന്നെണ്ണം. ആദ്യം 20 കോടി ആവശ്യപ്പെട്ടിട്ട് ആയിരുന്നങ്കിൽ പിന്നീട അത് 40 കോടിയും 400 കോടിയുമായി. രാജ്യത്തെ ഏറ്റവും വലിയ ലക്ഷ്വറി മാളായ ജിയോ വേൾഡ് പ്ലാസയുടെ ഉദ്ഘടന തിരക്കിലായിരുന്നു മുകേഷ് അംബാനി. വധഭീഷണി എത്തിയതോടു കൂടി മുകേഷ് അംബാനിയുടെ സെക്യൂരിറ്റി ടീം മുംബൈ പോലീസിൽ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പ്രതിയെ കണ്ടെത്തി കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ് മുംബൈ പൊലീസ്.
ഇമെയിലുകൾക്ക് പിന്നിലെ മനഃശാസ്ത്രം പതുക്കെ മനസ്സിലാക്കുകയായിരുന്നു പൊലീസ്. ആദ്യ ഭീഷണിയിൽ നിന്ന് തന്നെ പ്രതി തന്റെ ബുദ്ധി തെളിയിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഇതിനെ പിന്തുടർന്നായിരുന്നു പിന്നീട അന്വേഷണം. ഗുജറാത്തിൽ ബിടെക് പഠിക്കുന്ന രാജ്‌വീർ ഖാന്ത് എന്ന 21 കാരനായ വിദ്യാർത്ഥിയാണ് വധഭീഷണി മുഴക്കിയതിലെ പ്രധാന പ്രതി. തന്റെ കോളേജ് സുഹൃത്തുക്കൾക്ക് മുൻപിൽ തന്റെ സാങ്കേതിക വൈദഗ്ധ്യം കാണിക്കാൻ ആഗ്രഹിച്ച രാജ്‌വീർ ഖാന്ത്, നിലവിൽ ഇന്ത്യയിൽ ലഭ്യമല്ലാത്ത മെയിൽഫെൻസ് അക്കൗണ്ട് തുറക്കാൻ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) ഉപയോഗിച്ചിരുന്നു. ഇത് പ്രകാരം മെയിൽ അയച്ചയാളുടെ ഐപി അഡ്രെസ്സ് മറയ്ക്കാൻ സാധിച്ചു.
ഇന്ത്യയിൽ ഇത്തരം 150 അക്കൗണ്ടുകൾ മാത്രമേ സജീവമായിട്ടുള്ളൂ, മുകേഷ് അംബാനിക്ക് വധഭീഷണി നേരിട്ട അതേ സമയപരിധിക്കുള്ളിൽ രാജ്‌വീറിന്റെ അക്കൗണ്ട് ആരംഭിച്ചതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഷദാബ് ഖാൻ എന്ന പേരിലായിരുന്നു അക്കൗണ്ട് തുടങ്ങിയത്. വിപിഎന്നും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഐപി അഡ്രസ്സും രാജ്‌വീറിനെ ട്രാക്കുചെയ്യുന്നത് ബുദ്ധിമുട്ടാക്കി, കലോൽ പോലീസിലെ ഒരു ഹെഡ് കോൺസ്റ്റബിളിന്റെ മകനായ രാജ്‌വീർ ഖാന്തിന്, മുമ്പ് ഒരു ക്രിമിനൽ റെക്കോർഡും ഉണ്ടായിരുന്നില്ല. മുകേഷ് അംബാനിയെയും മുംബൈ പോലീസിനെയും പരിഹസിക്കുന്ന രീതിയിലായിരുന്നു ആദ്യ മെയിൽ. ‘നിങ്ങൾക്ക് കഴിയുമെങ്കിൽ എന്നെ പിടിക്കൂ’ എന്ന വാചകമായിരുന്നു അതിൽ ഉണ്ടായിരുന്നത്.