ഇന്നലെ രാത്രിയും ഗാസയില്‍ ഇസ്രായേല്‍ ശക്തമായ ആക്രമണമാണ് നടത്തിയത്. ആശുപത്രികള്‍ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം നടന്നു. ഗാസ സിറ്റിയിലെ നാസര്‍ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ എട്ടുപേരും , അല്‍ ഖുദ്‌സ്, അദ്‌വാൻ ആശുപത്രികള്‍ക്ക് സമീപം നടന്ന ആക്രമണങ്ങളില്‍ രണ്ട് ഫലസ്തീനികളും കൊല്ലപ്പെട്ടു.ആശുപത്രികളെ ഹമാസ് തീവ്രവാദികൾ ഭീകരതാവളങ്ങളാക്കിയതിന്റെ തെളിവുകളും ഇസ്രായേൽ ഇതോടൊപ്പം പുറത്തുവിട്ടു.
11500 ലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അടിയന്തര വെടി നിര്‍ത്തല്‍ വേണമെന്ന ആവശ്യം ശക്തമാകുമ്ബോഴും ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം എന്ന നിലപാടിലാണ് ഇസ്രയേല്‍. അതിനിടെ ഹമാസ് ഭീകര സംഘടനയിലെ ഒരു നേതാവിനെ കൂടി കൊലപ്പെടുത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. സെൻട്രല്‍ ക്യാമ്ബ് ബ്രിഗേഡിന്റെ കമാൻഡര്‍മാരില്‍ ഒരാളായ വെയ്ല്‍ അസീഫയെയാണ് വധിച്ചത്. ഒക്‌ടോബര്‍ ഏഴിന് ഗാസ മുനമ്ബില്‍ നിന്ന് ഇസ്രായേലിനെ ആക്രമിക്കാൻ ഉത്തരവിട്ട ഭീകരരില്‍ ഒരാളാണ് അസീഫ.
ഗാസ പിടിച്ചടക്കിയ ശേഷം ഹമാസ് കേന്ദ്രങ്ങള്‍ക്കെതിരെ ഞായറാഴ്ച മുതല്‍ അതി ശക്തമായ ആക്രമണമാണ് ഇസ്രായേൽ നടത്തിവരുന്നത്.ഹമാസ് ഭീകരരുടെ ടണലുകള്‍, സൈനിക കേന്ദ്രങ്ങള്‍, നിരീക്ഷണ പോസ്റ്റുകള്‍, ആന്റി-ടാങ്ക് മിസൈല്‍ ലോഞ്ച് സൈറ്റുകള്‍ എന്നിവയുള്‍പ്പടെ 450ഓളം ഇടങ്ങളിലായിരുന്നു ആക്രമണം.
ഹമാസ് കേന്ദ്രങ്ങള്‍ പൂര്‍ണമായും വളഞ്ഞതായും കനത്ത ആക്രമണത്തിലൂടെ തുരങ്കങ്ങള്‍ തകര്‍ക്കുമെന്നും സൈന്യം വ്യക്തമാക്കി.ഇതിനിടെ വെടിനിര്‍ത്തല്‍ സാധ്യത തള്ളിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ മൂന്നാമത് പശ്ചിമേഷ്യൻ പര്യടനം അവസാനിപ്പിച്ച് മടങ്ങി.