കൊവിഡ് കാലത്ത് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിൽ പെടുന്ന എമ്പുരാൻ. 2019 ൽ ലൂസിഫർ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം അണിയറക്കാർക്ക് ആരംഭിക്കാൻ കഴിഞ്ഞത് ഒക്ടോബർ 5 ന് ആണ്. ദില്ലി- ഹരിയാന അതിർത്തിയിലെ ഫരീദാബാദിൽ തുടങ്ങിയ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് നാട്ടിൽ എത്തിയതിന് ശേഷം ലൊക്കേഷൻ ഹണ്ടിനായി യുകെയിൽ എത്തിയിരിക്കുകയാണ് പൃഥ്വിയും സംഘവും. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
#Empuraan @PrithviOfficial & team in UK on recce ….. pic.twitter.com/tlgjcByNi6
— Sreedhar Pillai (@sri50) November 7, 2023
അതേസമയം കൊച്ചിയിൽ സിനിമയ്ക്ക് വേണ്ടിയുള്ള സെറ്റ് വർക്ക് പുരോഗമിക്കുന്നുണ്ട്. കൊച്ചിയിലെ ചിത്രീകരണം ആറ് മാസത്തോളമുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ലൊക്കേഷൻ തിരയുന്നതിൻറെ ഭാഗമായി പൃഥ്വിരാജ് ദുബൈയിലും എത്തിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം ആവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാൻറെ അടുത്ത ഷെഡ്യൂൾ ജനുവരിയിലാണ് ആരംഭിക്കുക. യുഎസ്, യുകെ, അബുദബി എന്നിവിടങ്ങളിലാവും ഷൂട്ടിംഗ്. എമ്പുരാൻറെ യുഎസ് ഷെഡ്യൂളിൽ ടൊവിനോ തോമസും ഉണ്ടാവുമെന്നാണ് അറിയുന്നത്.
#Empuraan Set Work in progress at Ernakulam. 6 month shooting scheduled.#L2E #Mohanlal pic.twitter.com/X1Gz2mNBkk
— FilmForYou (@f1lmforyou) November 6, 2023
ചിത്രീകരിക്കുന്ന ലൊക്കേഷനുകളുടെ കാര്യം പരിഗണിക്കുമ്പോൾ ആഗോളമാണ് എമ്പുരാൻ. ഇരുപതോളം വിദേശ രാജ്യങ്ങളിൽ സിനിമയ്ക്ക് ചിത്രീകരണമുണ്ട്. റഷ്യയും ഒരു പ്രധാന ലൊക്കേഷനാണ്. വലിയ മുതൽമുടക്കിൽ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ്. നിരവധി വിദേശ താരങ്ങളും ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.